കോട്ടയം: അടുക്കള ബജറ്റിന്റെ താളം തെറ്റിച്ച് വീണ്ടും പച്ചക്കറിവില കുതിച്ചുയരുന്നു. ഒരാഴ്ച മുന്പുവരെ 30, 40 രൂപയ്ക്ക് ലഭിച്ചിരുന്ന തക്കാളി, ബീൻസ്, മുരിങ്ങയ്ക്ക തുടങ്ങിയവയുടെ വില സെഞ്ചുറി കടന്നു.
കർണാടകയിലും തമിഴ്നാട്ടിലും പെയ്ത കനത്ത മഴയും ഇന്ധനവിലയും പാചകവാതകവിലയും സാധാരണക്കാരായ ആളുകളുടെ കുടുംബ ബജറ്റിനെ പ്രതിസന്ധിയിലാക്കുകയാണ്.
പച്ചക്കറിക്കൊപ്പം അരിവില കൂടിയതും ഇരട്ടടിയായി.ഭൂരിഭാഗം പച്ചക്കറികൾക്കും വില കൂടിയപ്പോൾ സവാളയ്ക്ക് മാത്രമാണ് വിലക്കുറവ് അനുഭവപ്പെടുന്നത്.
സംസ്ഥാനത്ത് മഴ ആരംഭിച്ചതോടെ പ്രാദേശിക വിപണിയിൽ നിന്നുള്ള പച്ചക്കറി ലഭ്യതയും ഇല്ലാതായി. തമിഴ്നാട്ടിൽനിന്നുള്ള പച്ചക്കറി മാത്രമാണ് ഏക ആശ്രയം.
തമിഴ്നാട്ടിൽ ഉത്സവ സീസണായതും പച്ചക്കറി വിലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഹോൾസെയിൽ വിലയേക്കാൾ ഡബിൾ ഇരട്ടി വിലയാണ് ഗ്രാമപ്രദേശത്തെ പച്ചക്കറി കടകളിലും ചില്ലറ വ്യാപാര സ്ഥാപനങ്ങളിലും ഈടാക്കുന്നത്.
പച്ചക്കറികളുടെ ഹോൾസെയിൽ വില:
ബീൻസ് 90, പയർ 70, മുരിങ്ങയ്ക്ക 85, തക്കാളി 95, വഴുതനങ്ങ 44, പച്ചത്തക്കാളി 48, പടവലം 38, കാരറ്റ് 34, മുളക് 34, ബീറ്റ് റൂട്ട് 46,കാബേജ് 34, കറി്കറിക്കായ 36, പാവയ്ക്ക 60, കത്രിക്ക 38, വെള്ളരി 18, സവാള 18, കിഴങ്ങ് 34, നാടൻ ചേന്പ് 80,മത്തൻ 20, കൂർക്ക 55, അമരപയർ 36, നാരങ്ങ 95.