സെബി മാത്യു
ന്യൂഡല്‍ഹി: ഒളിമ്പിക് മാരത്തണില്‍ ഓടിത്തളര്‍ന്ന താനുള്‍പ്പടെയുള്ളവര്‍ക്കു വെള്ളം പോലും നല്‍കാന്‍ ഇന്ത്യന്‍ ഒഫീഷലുകള്‍ എത്തിയില്ലെന്ന മലയാളി താരം ഒ.പി. ജെയ്ഷയുടെ ആരോപണത്തെക്കുറിച്ചു അന്വേഷിക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം രണ്ടംഗ സമിതിയെ നിയോഗിച്ചു. സ്‌പോര്‍ട്‌സ് വകുപ്പ് ജോയിന്റ് സെക്രട്ടറി ഓങ്കാര്‍ കേദിയ, ഡയറക്ടര്‍ വിവേക് നാരായണന്‍ എന്നിവരെയാണ് ജയ്ഷയുടെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര യുവജനക്ഷേമ-കായിക സഹമന്ത്രി വിജയ് ഗോയല്‍ നിയോഗിച്ചത്. ഏഴു ദിവസത്തിനുള്ളില്‍ ജെയ്ഷയുടെ പരാതിയില്‍ സമിതി അന്വേഷണം നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കും.
ഒളിമ്പിക്‌സ് മാരത്തണ്‍ മത്സരത്തിനൊടുവില്‍ തളര്‍ന്ന് അവശയായ ജെയ്ഷയ്ക്ക് ഓട്ടത്തിനിടെ റിഫ്രഷ്‌മെന്റ് പോയിന്റുകളില്‍ വെള്ളമോ എനര്‍ജി ഡ്രിങ്കുകളോ നല്‍കാന്‍ ഇന്ത്യന്‍ ഒഫീഷലുകള്‍ ഉണ്ടായില്ലെന്നു വ്യാപകമായ മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടുവെന്ന് ഇന്നലെ കായിക മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. മറ്റെല്ലാ രാജ്യങ്ങളുടെയും താരങ്ങള്‍ മത്സരിക്കുമ്പോള്‍ ഓരോ രണ്ടര കിലോമീറ്ററിലും ഈ സൗകര്യങ്ങള്‍ ലഭ്യമാക്കിയിരുന്നു. വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ജയ്ഷയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ മന്ത്രി വിജയ് ഗോയല്‍ രണ്ടംഗ സമിതിയെ നിയോഗിച്ചുവെന്നുമാണു പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.
ഒളിമ്പിക്‌സ് മാരത്തണില്‍ മത്സരിച്ച തനിക്കും കവിത റാവത്തിനും വെള്ളം പോലും നല്‍കാന്‍ ഇന്ത്യന്‍ ഒഫീഷലുകള്‍ എത്തിയില്ലെന്നായിരുന്നു ഒ.പി. ജെയ്ഷയുടെ ആരോപണം. മറ്റു രാജ്യങ്ങള്‍ തങ്ങളുടെ താരങ്ങള്‍ക്കു വെള്ളവും മറ്റുമായി കൂടെത്തന്നെ നിന്നപ്പോള്‍ ഇന്ത്യക്കുവേണ്ടി ഓടിയ തനിക്ക് ഒരു തുള്ളി വെള്ളം നല്‍കാന്‍ പോലും ആരുമുണ്ടായില്ല. മത്സരശേഷം മൂന്നു മണിക്കൂര്‍ നേരമാണു താന്‍ അബോധാവസ്ഥയില്‍ കിടന്നത്.ഒടുവില്‍ റിയോയിലെ സംഘാടക സമിതിയിലെ ആളുകളാണു തന്നെ രക്ഷിച്ചതെന്നും അവര്‍ തന്റെ ശരീരത്തില്‍ കുത്തിവച്ച ഏഴു ബോട്ടില്‍ ഗ്ലൂക്കോസാണു തന്നെ എഴുന്നേല്‍പ്പിച്ചു നടത്തിയതെന്നുമാണ് ജെയ്ഷ പറയുന്നത്.
അത്‌ലറ്റിക് ഫെഡറേഷന്‍ പറയുന്നത്…
ഒളിമ്പിക്‌സ് മാരത്തണ്‍ മത്സരത്തിനിടെ വെള്ളം നല്‍കിയില്ലെന്ന മലയാളി താരം ഒ.പി. ജെയ്ഷയുടെ ആരോപണം അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തള്ളിക്കളഞ്ഞു. ഒ.പി. ജെയ്ഷയുടെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതും അസത്യവുമായ കാര്യങ്ങളാണ്. പ്രത്യേകം കുടിവെള്ളം ആവശ്യമുണെ്ടന്ന് ജെയ്ഷ അധികൃതരെ അറിയിച്ചിരുന്നില്ല.
മത്സരാര്‍ഥികള്‍ക്കു വെള്ളം വിതരണം ചെയ്യേണ്ട ചുമതല സംഘാടകര്‍ക്കാണെന്നും ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. തങ്ങള്‍ നല്‍കിയ എനര്‍ജി ഡ്രിങ്ക് ജെയ്ഷയും കോച്ചും വേണെ്ടന്നുവയ്ക്കുകയായിരുന്നുവെന്ന് എഎഫ്‌ഐയുടെ സെക്രട്ടറിയും ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാനുമായ സി.കെ വത്സന്‍ പറഞ്ഞു. മത്സരിച്ച 168 പേരില്‍ 89-ാമതായാണു ജെയ്ഷ ഫിനിഷ് ചെയ്തത്. ഒളിമ്പിക്‌സിലെ മോശം പ്രകടനത്തെ മറികടക്കാനാണു ജെയ്ഷയുടെ ആരോപണങ്ങളെന്നാണ് വത്സന്‍ പറഞ്ഞു.
താരത്തിന് സ്വന്തം ഡ്രിങ്കുകളില്ലെങ്കില്‍ ഒഫീഷ്യലുകള്‍ക്ക് റിഫ്രഷ്‌മെന്റ് മേഖലയിലേക്ക് കടക്കാനാവില്ല. എട്ടു കുപ്പികളാണു സംഘാടകര്‍ നല്‍കിയിരുന്നത്. അതിലേക്ക് സ്വന്തം പാനീയങ്ങളുണെ്ടങ്കില്‍ നിറച്ച് നല്‍കണമെന്നാണ് വ്യവസ്ഥ.
ജെയ്ഷയും പരിശീലകന്‍ നികോളായും സ്വന്തം ഡ്രിങ്ക് ഇല്ലെന്ന് അറിയിക്കുകയായിരുന്നു. അതുകൊണ്ട് റിഫ്രഷ്‌മെന്റ് മേഖലയിലേക്ക് കടക്കാനും സാധിച്ചില്ലെന്ന് വല്‍സന്‍ പറഞ്ഞു.
ജെയ്ഷയുടെ മറുപടി
അത്‌ലറ്റിക് ഫെഡറേഷന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ജെയ്ഷയും രംഗത്തെത്തി. താന്‍ കള്ളം പറഞ്ഞതാണെന്ന് തെളിഞ്ഞാല്‍ കായിക രംഗത്ത് നിന്ന് വിടവാങ്ങുമെന്നാണു ജെയ്ഷ പറഞ്ഞത്. അത്‌ലറ്റിക് ഫെഡറേഷനാണ് കളവ് പറയുന്നത്. വര്‍ഷങ്ങളായി കായിക രംഗത്തുള്ള താന്‍ ഇതുവരെ ഫെഡറേഷനെതിരെ പരാതി പറഞ്ഞിട്ടില്ലെന്നും ജെയ്ഷ പറയുന്നു. താന്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും തനിക്കു നുണപറയേണ്ട കാര്യമില്ലെന്നുമാണ് ജെയ്ഷയുടെ വിശദീകരണം.
കവിത കൂട്ടിനില്ല
ജെയ്ഷയുടെ ആരോപണത്തിനു കടകവിരുദ്ധമാണ് കവിത റാവത്തിന്റെ പ്രതികരണം. വ്യക്തിഗതമായി വെള്ളമോ എനര്‍ജി ഡ്രിങ്കോ വേണമെങ്കില്‍ തങ്ങള്‍ക്കു നല്‍കിയിരിക്കുന്ന ബോട്ടിലിലാക്കി ഒഫീഷലുകള്‍ക്കു കൈമാറണമെന്ന് അസംബ്ലി സമയത്ത് തങ്ങളോടു നിര്‍ദേശിച്ചിരുന്നു എന്നാണ് കവിത പറയുന്നത്. തനിക്ക് വെള്ളം ലഭിച്ചില്ലെന്ന കാര്യത്തില്‍ പരാതിയൊന്നുമില്ലെന്നും കവിത പറയുന്നു.
വെള്ളം വരാതിരുന്ന വഴി
കുടിവെള്ളം, ഗ്ലൂക്കോസ്, എനര്‍ജി ജെല്ലുകള്‍ എന്നിവ മാരത്തണ്‍ താരങ്ങള്‍ക്ക് മത്സരങ്ങള്‍ക്കിടെ അതത് രാജ്യങ്ങള്‍ നല്‍കാറുണ്ട്. ഓരോ രണ്ടര കിലോമീറ്റര്‍ പിന്നിടുമ്പോഴാണ് താരങ്ങള്‍ക്ക് ഇവ നല്‍കുക.
എന്നാല്‍, മാരത്തണ്‍ ഓടുന്ന നിരത്തുകളിലുള്ള ഇന്ത്യന്‍ ഡെസ്കുകള്‍ കാലിയായിരുന്നു. മറ്റു രാജ്യങ്ങളുടെ കൗണ്ടറുകളില്‍നിന്ന് കുടിവെള്ളവും മറ്റും എടുക്കുന്നത് അയോഗ്യയാക്കപ്പെടാനും ഇടയാക്കും. ജെയ്ഷക്ക് ഒരു പരിധിവരെ സഹായകരമായത് ഒളിമ്പിക് കമ്മിറ്റി തയാറാക്കിയ ഡസ്ക്കുകളാണ്. എട്ടു കിലോമീറ്റര്‍ പിന്നിടുമ്പോള്‍ മാത്രമേ അവ കുടിവെള്ളം ലഭ്യമാക്കിയിരുന്നുള്ളൂ. ഈവിഷയത്തില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ.