തയാറാക്കിയത്: ടി.ജി.ബൈജുനാഥ്
ശുദ്ധീകരണത്തിന് ഓലന്‍
ഓലന്‍ എരിവു കുറഞ്ഞ വിഭവമായതിനാല്‍ കുട്ടികള്‍ക്കും ഏറെയിഷ്ടം. പണ്ടു നാട്ടിന്‍പുറങ്ങളില്‍ ചെറിയ നെയ്ക്കുമ്പളങ്ങ സുലഭമായിരുന്നു. ഇന്ന് അതിനുപകരം മാര്‍ക്കറ്റില്‍ നിന്നു തടിയന്‍ കായയാണ് അടുക്കളയിലെത്തുന്നത്. ചെറിയ കുമ്പളങ്ങയില്‍ ജലാംശം കുറവാണ്. വയറിനുണ്ടാകുന്ന എല്ലാ അസുഖങ്ങള്‍ക്കും നെയ്ക്കുമ്പളങ്ങയുടെ ജ്യൂസ് ഗുണപ്രദമെന്ന് ആയുര്‍വേദം പറയുന്നു. ശരീരത്തിന് ക്ലെന്‍സിംഗ് ഇഫക്ട് നല്കുന്ന പച്ചക്കറിയാണ് കുമ്പളങ്ങ. ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളുന്നതിനു സഹായകമെന്നു ചുരുക്കം.
മോരും രസവും ദഹനത്തിന്
ഇഞ്ചിയും പുളിയും ചേര്‍ത്തു തയാറാക്കുന്ന പുളിയിഞ്ചിയാണ് ഓണസദ്യയിലെ മറ്റൊരു താരം. മോരും രസവും ദഹനത്തിനു സഹായകം. പായസവും കുടിച്ചു തീരുമ്പോള്‍ സദ്യയില്‍ രസവും മൊരും വിളമ്പുന്നത്. രസത്തിലുള്ള കുരുമുളകും വെളുത്തുള്ളിയും ചേര്‍ന്നുവരുമ്പോള്‍ അത് ഔഷധക്കൂട്ടുപോലെയാണ്. പെട്ടെന്നു ദഹനം സാധ്യമാക്കുന്നു. അവസാനം രസവും മോരും കുടിച്ചാല്‍ വയറിനു സദ്യയുടെ ഭാരം ഉണ്ടാവില്ല. കാളനിലെ പുളിയും എരിശേരിയിലെ എരിവുമാണ് ഓണസദ്യ സമ്മാനിക്കുന്ന മറ്റു രസങ്ങള്‍.പായസത്തില്‍ മധുരം. പാവയ്ക്ക മെഴുക്കുപുരട്ടിയുടെ ചവര്‍പ്പ്.. ഷഡ്ജസങ്ങള്‍ ഓണസദ്യയില്‍ പൂര്‍ണമാകുന്നു.
ഓണസദ്യയിലെ തെക്കനും വടക്കനും
ഓണസദ്യയില്‍ പിന്നെയുള്ളതു കൂട്ടുകറി. വടക്കന്‍ മലബാറില്‍ എല്ലാ പച്ചക്കറികളും ചേര്‍ത്താണ് കൂട്ടുകറി തയാറാക്കുന്നത്. എന്നാല്‍ തെക്കന്‍ കേരളത്തില്‍ ഉരുളക്കിഴങ്ങും ഉള്ളിയും മസാ ലയും ചേര്‍ത്താണ് കൂട്ടുകറി തയാറാക്കുന്നത്. വടക്കന്‍ കേരളത്തില്‍ ഓണസദ്യയില്‍ ചിക്കന്‍ ഉള്‍പ്പെടെയുള്ള നോണ്‍ വെജും വിളമ്പും. തെക്കന്‍ കേരളത്തില്‍ ഓണസദ്യ ശുദ്ധ വെജിറ്റേറിയന്‍.
രോഗപ്രതിരോധത്തിന്
പച്ചക്കറികളില്‍ നിന്നു ലഭിക്കുന്ന ആന്റിഓക്‌സിഡന്റുകളും സൂക്ഷ്മപോഷകങ്ങള്‍ എന്നു വിളിക്കുന്ന മൈക്രോ ന്യൂട്രിയന്റുകളും ഓണസദ്യയിലൂടെ സുലഭമായി ശരീരത്തിനു കിട്ടുന്നു. കടുകില്‍ നിന്ന് ഒമേഗ 3 ഫാറ്റി ആസിഡുകള്‍. മഞ്ഞളില്‍ നിന്ന് കുര്‍ക്യുമിന്‍. ചുരുക്കത്തില്‍ പോഷകസമൃദ്ധമാണ് ഓണസദ്യ. അവയെല്ലാം ശരീരത്തിനു രോഗപ്രതിരോധ ശേഷി നല്കുന്നു.
സദ്യ സാത്വികം
സസ്യാഹാരത്തിന്റെ പ്രസക്തിയെക്കുറിച്ചു പണേ്ടക്കുപണേ്ട നാം ബോധവാന്മാരാണ്. അതിനാല്‍ കേരളത്തില്‍, പ്രത്യേകിച്ചു തെക്കന്‍ കേരളത്തില്‍ എല്ലാ ചടങ്ങുകളിലും ശുദ്ധ സസ്യാഹാരം മാത്രമാണു വിളമ്പുന്നത്. ദൈവികവും സാത്വികവുമാണ് ഓണസദ്യയിലെ വിഭവങ്ങള്‍. സാത്വിക് ഡയറ്റ് എന്നാല്‍ ജെന്റില്‍ എന്നര്‍ഥം. ഭക്ഷണം നമ്മുടെ സ്വഭാവത്തെയും സ്വാധീനിക്കുമെന്ന് ഓര്‍ക്കുമല്ലോ.
വിവരങ്ങള്‍: ഡോ. അനിതമോഹന്‍, ക്ലിനിക്കല്‍ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സള്‍ട്ടന്റ്