അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ രണ്ട് സീറ്റ് ചോദിക്കാന്‍ കേരള കോണ്‍ഗ്രസ് (എം).
തിങ്കളാഴ്ച ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ചൊവ്വാഴ്ച നടന്ന സ്റ്റിയറിങ് കമ്മിറ്റിയോഗവും ഇക്കാര്യത്തില്‍ ഒരേ വികാരം പങ്കിട്ടു.
പാര്‍ട്ടിയുടെ സിറ്റിങ് സീറ്റാണ് കോട്ടയം. ഇതിനൊപ്പം പത്തനംതിട്ടയും കൂടിയാണ് ചോദിക്കുന്നത്. പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം പരിധിയില്‍ പാര്‍ട്ടിക്ക് മൂന്ന് എം.എല്‍.എ. മാരുണ്ട്.
കാഞ്ഞിരപ്പള്ളി, റാന്നി, പൂഞ്ഞാര്‍ എന്നിവയാണവ. സ്വാഭാവികമായും മുന്നണിയില്‍ ഈ സീറ്റ് ചോദിക്കാന്‍ പാര്‍ട്ടിക്ക് അര്‍ഹതയുണ്ടെന്നും നേതാക്കള്‍ വിലയിരുത്തി.
കരുതല്‍മേഖല, വന്യജീവി ആക്രമണം, കാര്‍ഷികവിളകളുടെ വിലയിടിവ് തുടങ്ങിയ പ്രശ്നങ്ങളില്‍ ശക്തമായ നിലപാട് തുടരണം.
പ്രതിസന്ധിയിലായ റബ്ബര്‍കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കൃഷിച്ചെലവും ഉല്പാദനച്ചെലവും കണക്കിലെടുത്ത് റബ്ബറിന് താങ്ങുവില കിലോയ്ക്ക് 250 രൂപയാക്കണമെന്നും ആവശ്യപ്പെട്ടു.
ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള ബിജെപിയുടെ നീക്കം രാജ്യത്തെ വിഭജിക്കുമെന്ന് സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി ചെയര്മാന് ജോസ് കെ മാണി പറഞ്ഞു.
മതപരമായ പരിഷ്കാരങ്ങള്‍ ഭരണകൂടം അടിച്ചേല്‍പ്പിക്കുന്നതിനെ നീതികരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.