രജനികാന്ത് സിനിമകളിലെ പ്രധാന ഇനമാണ് വില്ലന്മാരുടെ വെടിയില്‍നിന്നു കഷ്ടിച്ചു രക്ഷപ്പെടുകയെന്നത്. ജീവിതത്തിലും സംഭവിച്ചിരിക്കുന്നു ഇപ്പോഴത്. ഗുര്‍ഗാവൂണിലെ മെട്രോ റെയില്‍ സ്‌റ്റേഷനു സമീപമാണ് സിനിമസ്‌റ്റൈല്‍ സംഭവം. കാമുകനും കാമുകിയും തമ്മിലുള്ള വഴക്കാണ് വെടിവയ്പ്പില്‍ കലാശിച്ചത്.
സംഭവം ഇങ്ങനെ: കോല്‍ക്കത്ത സ്വദേശിയായ അശോക് കുമാറും (32) ഗുര്‍ഗാവൂണ്‍ സ്വദേശിനിയായ തനുജ (27) പ്രണയത്തിലായിരുന്നു. എന്നാല്‍ ജൂലൈയില്‍ ഇവരുടെ ബന്ധത്തില്‍ വിള്ളല്‍വീണു. ബന്ധം തുടരാന്‍ താല്പര്യമില്ലെന്ന് തനൂജ തറപ്പിച്ചുപറഞ്ഞു. എന്നാല്‍ അങ്ങനെ വിട്ടുകൊടുക്കാന്‍ അശോകിനു താല്പര്യമില്ലായിരുന്നു. തനുജയുമൊത്തുള്ള പഴയ സംഗമ ഫോട്ടോകള്‍ പരസ്യമാക്കുമെന്ന് അയാള്‍ ഭീഷണി മുഴക്കി. എന്നാല്‍ തനുജയുടെ മനസ് മാറിയില്ല.
തനൂജയെ ലഭിക്കില്ലെന്നു മനസിലായതോടെ കൊലപ്പെടുത്താന്‍ തന്നെ അശോക് പദ്ധതിയിട്ടു. അവസാനമായി സംസാരിക്കാന്‍ മെട്രോയുടെ അടുത്തെത്തണമെന്ന് മുന്‍ കാമുകിയോട് ഇയാള്‍ ആവശ്യപ്പെട്ടു. ആദ്യം വിസമ്മതിച്ചെങ്കിലും തനുജ തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ സെക്ടര്‍ 55നടുത്തെത്തി. ഇരുവരും സംസാരിച്ചെങ്കിലും അവസാനം വാക്കുതര്‍ക്കത്തിലായി. അതോടെ അശോക് തോക്കെടുത്ത് വെടിയുതിര്‍ത്തു. പ്രതിരോധിക്കാന്‍ തനൂജയുടെ കൈയ്യില്‍ ഒന്നുമില്ലായിരുന്നുതാനും. എന്നാല്‍ വെടി കൊണ്ടത് തനൂജയുടെ മാലയുടെ ലോക്കറ്റിലും. ചെറിയ പരിക്കോടെ അവര്‍ രക്ഷപ്പെട്ടപ്പോള്‍ കാമുകന്‍ പോലീസ് പിടിയിലുമായി.