സിലിക്കണ്‍വാലി: മൊബൈല്‍ മെസഞ്ചര്‍ ആപ്പുകളില്‍ വമ്പനായ വാട്സ്ആപ്പിനെ വെല്ലാന്‍ ഗൂഗിള്‍ അലോ എത്തി. ഇന്നലെ മുതല്‍ പ്ലേസ്റ്റോറുകളില്‍ അലോ ലഭ്യമായി തുടങ്ങി. ഐഒഎസ് ആപ്പ് സ്റ്റോറിലും അലോ ലഭ്യമാണ്. സെര്‍ച്ച് എന്‍ജിന്റെ സഹായമുള്ളതിനാല്‍ ഗൂഗിള്‍ അസിസ്റ്റന്റ് എന്ന സൗകര്യമുപയോഗിച്ച് അലോയില്‍ @ഗൂഗിള്‍ എന്നു ടൈപ്പ് ചെയ്തു സെര്‍ച്ച് ചെയ്യാനുള്ള സൗകര്യമുണ്ട്.
ഫേസ്ബുക് മെസഞ്ചറിനും ആപ്പിള്‍ ഐ മെസേജിനും ആപ്പിള്‍ ഐഫോണിനും നിലവില്‍ ഇല്ലാത്ത സൗകര്യമാണിത്. ചിത്രങ്ങളും വീഡിയോകളും അയയ്ക്കുന്നതിനൊപ്പം ചാറ്റിംഗിനിടെ യുട്യൂബ് വീഡിയോ യുആര്എലോ പേസ്റ്റ് ചെയ്തു പാട്ടുകളെക്കുറിച്ചു സംസാരിക്കാം. ഭക്ഷണം കഴിക്കാന്‍ അടുത്തുള്ള നല്ല റസ്റ്ററന്റിന്റെ ലിങ്ക് ഗൂഗിള്‍ മാപ്പില്‍നിന്നു പകര്‍ത്താം. ഗൂഗിള്‍ അലോ ഉപയോഗിക്കാന്‍ ഗൂഗിള്‍ അക്കൗണ്ട് വേണമെന്നില്ല. വാട്സ്ആപ്പിലേതുപോലെ മൊബൈല്‍ നമ്പര്‍ നല്കിയാല് മതി. കോണ്ടാക്ടുകളിലേക്കു മെസേജ് അയച്ച് സുഹൃത്തുക്കളെ അലോയിലേക്കു ക്ഷണിക്കാം.