കൊച്ചി: തിരുവനന്തപുരത്തെ കണ്ടല സഹകരണ ബാങ്കില്‍ 101 കോടി രൂപയുടെ തട്ടിപ്പും കള്ളപ്പണ ഇടപാടും നടന്നെന്ന കേസില്‍ അറസ്റ്റിലായ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ മുന്‍ ജില്ലാ എക്സിക്യുട്ടീവ് അംഗവുമായ എന്‍. ഭാസുരാംഗനെയും മകന് അഖില്‍ജിത്തിനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് കോടതിയില്‍ ഹാജരാക്കും. കള്ളപ്പണം വെളുപ്പില്‍ നിരോധന നിയമം പരിഗണിക്കുന്ന കലൂരിലെ പ്രത്യേക കോടതിയിലാണ് ഇന്ന് ഇരുവരെയും ഹാജരാക്കുക.
ഇന്നലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ വച്ചാണ് ഭാസുരാംഗന്, മകന് അഖില്‍ ജിത്ത്, കണ്ടല സഹകരണ ബാങ്ക് സെക്രട്ടറി ബൈജു എന്നിവരെ ഇ ഡി പത്തു മണിക്കൂറോളം ചോദ്യം ചെയ്തത്. ഭാസുരാംഗനെ നാലുതവണയും മകന് അഖില്‍ജിത്തിനെ മൂന്നു തവണയും ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം ബാങ്ക് സെക്രട്ടറി ബൈജുവിനെയും ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചു.
കണ്ടല സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് 101 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ചോദ്യം ചെയ്യലിനു ശേഷം ബാങ്ക് സ്റ്റേറ്റ്മെന്റുകളും സാമ്പത്തിക രേഖകളും പരിശോധിച്ച ശേഷമായിരുന്നു അറസ്റ്റ്. തിരുവനന്തപുരത്ത് ബാങ്കിലും ഭാസുരാംഗന്റെ വീട്ടിലും അടക്കം ഇഡി റെയ്ഡ് നടത്തിയിരുന്നു.
സാമ്പത്തിക ഇടപാടുകള്‍ അടങ്ങിയ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും ബാങ്കിലെ നിക്ഷേപകരുടെയും വായ്പക്കാരുടെയും വിവരങ്ങള്‍ അടങ്ങിയ രജിസ്റ്ററും ഉള്‍പ്പെടെ ഇഡി ശേഖരിക്കുകയുണ്ടായി. തട്ടിപ്പിലൂടെ ലഭിച്ച തുക മകന്റെ ബിസിനസില്‍ ഉള്‍പ്പെടെ വിനിയോഗിച്ചതായും ഇഡി കണ്ടെത്തിയിരുന്നു.