ചാത്തന്നൂര്‍: പ്ലാക്കാട് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റേയും കൃഷിഭവന്റേയും സഹകരണത്തോടെ തുടങ്ങിയ ജൈവ പച്ചക്കറികൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. നമ്മുടെ സംസ്ഥാനത്ത് ജൈവ കൃഷികള്‍ ചെയ്തുതുടങ്ങിയാല്‍ തമിഴ് നാട്ടില്‍നിന്നും കേരളത്തിലേക്കുവരുന്ന വിഷം കലര്‍ന്ന പച്ചക്കറികള്‍ കഴിക്കേണ്ടിവരില്ലെന്ന് മന്ത്രി പറഞ്ഞു. ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ച് കേരളത്തെ കാര്‍ഷിക സംസ്കാരത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്ലാക്കാട് പൈങ്ങള്‍ ക്ഷേത്രമൈതാനത്ത് ചേര്‍ന്ന ചടങ്ങില്‍ ജി.എസ് ജയലാല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയകുമാര്‍, ജില്ലാപഞ്ചായത്തംഗം പ്രദീപ്, ബ്ലോക്ക് പഞ്ചായത്തംഗം ഷേര്‍ലി സ്റ്റീഫന്‍, ലൈബ്രറി പ്രസിഡന്റും പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ എം.സുഭാഷ്, പഞ്ചായത്തംഗം കെ.നാസറുദീന്‍, ലൈബ്രറി സെക്രട്ടറി സതീശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഒരേക്കറോളം വരുന്ന ഭൂമിയിലാണ് ഒന്നരമാസം മുമ്പ് കൃഷി തുടങ്ങിയത്. പടവലം, വെണ്ട, വിവിധ പയര്‍വര്‍ഗങ്ങള്‍, ചീര, അമര, തക്കാളി, കത്രിക്ക, പാവയ്ക്ക തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്തത്. തരിശായി കിടക്കുന്ന മറ്റ് ഭൂമികൂടി ഏറ്റെടുത്ത് നെല്‍കൃഷി ഉള്‍പ്പെടെയുള്ളവ നടത്താനും പദ്ധതിയുണെ്ടന്ന് ലൈബ്രറി പ്രസിഡന്റ് എം.സുഭാഷ് പറഞ്ഞു.