ഇരിങ്ങാലക്കുട: കുഴല്‍പ്പണസംഘത്തെ കൊള്ളയടിക്കുന്ന ക്വട്ടേഷന്‍ സംഘത്തലവന്‍ വാഹനത്തട്ടിപ്പില്‍ അറസ്റ്റില്‍. നടത്തറ കൊഴുക്കുള്ളി സ്വദേശി വട്ടേക്കാട്ടില്‍ വീട്ടില്‍ ജിം പ്രസാദ് ആണ് അറസ്റ്റിലായത്. ഇന്നു രാവിലെ ഇരിങ്ങാലക്കുട ഓളക്കാട് നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട പൊറത്തുശേരി ശരവണന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം രഹസ്യമായി ഇയാളെ അന്വേഷിച്ചുവരികയായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വാഹന ഉടമകളെ ഏജന്റുമാര്‍ വഴി സമീപിച്ച് വിവാഹ ആവശ്യങ്ങള്‍ക്കും, ഗള്‍ഫില്‍നിന്ന് ലീവിന് വരുന്നവര്‍ക്ക് താല്‍ക്കാലികമായി ഉപയോഗിക്കാനെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആഡംബര കാറുകള്‍ വാടകയ്‌ക്കെടുക്കുകയും ചെയ്താ യിരുന്നു തട്ടിപ്പ്. വാഹനങ്ങള്‍ വളരെ ദൂരെ മറ്റൊരു ജില്ലയില്‍ വന്‍ തുകയ്ക്ക് പണയപ്പെടുത്തി പണം തട്ടുകയാണ് രീതി. ഇത്തരത്തില്‍ രണ്ടു കോടി രൂപയോളം സംഘം തട്ടിയെടുത്തിട്ടുണ്ട്.
ഒന്നോ രണ്ടോ മാസങ്ങള്‍ കഴിഞ്ഞ് വാഹനം തിരികെ ആവശ്യപ്പെടുമ്പോള്‍ ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ് പതിവ്. ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ.സുരേഷ് കുമാറും ഇരിങ്ങാലക്കുട സബ് ഇന്‍സ്‌പെക്ടര്‍ വി.പി.സിബീഷും സംഘവും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.