നട്ടുച്ചയ്ക്കു മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ കാമറയില്‍ കുടുങ്ങി; ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച കള്ളനെ സിനിമാ സ്റ്റൈലില്‍ പിടികൂടി

PKD-KALLANകണ്ടശാംകടവ്: സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ ഇന്നലെ നട്ടുച്ചയ്ക്കു കയറി ഭണ്ഡാരം പൊളിച്ചു പണം കവര്‍ന്ന മോഷ്ടാവ് സിസിടിവി കാമറയില്‍ കുടുങ്ങി. സംഭവം കണ്ട് പള്ളിക്കകത്തേക്ക് ഓടിവന്ന വികാരിയെ വെട്ടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാര്‍ വാഹനങ്ങളില്‍ പിന്തുടര്‍ന്നു പിടികൂടി. മോഷ്ടാവിനെ പിടികൂടാന്‍ പിന്തുടര്‍ന്ന ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ചു. എറണാകുളം വരാപ്പുഴ തുണ്ടത്തുംകടവിലെ ഓടത്തേക്കല്‍ വീട്ടിലെ ബിജു (40)വിനെയാണ് അന്തിക്കാട് എസ്‌ഐ സില്‍വസ്റ്ററും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് 3500 രൂപ പോലീസ് കണ്ടെത്തി. ഇന്നലെ നട്ടുച്ചയ്ക്കാണ് സിനിമയെ വെല്ലുന്ന ഭണ്ഡാരക്കവര്‍ച്ച അരങ്ങേറിയത്.

പള്ളിക്കുള്ളില്‍ കയറിയ പ്രതി ബിജു അള്‍ത്താരയുടെ കിഴക്കുവശത്തെ ഉപ അള്‍ത്താരയുടെ മുന്നില്‍വച്ച നേര്‍ച്ചപ്പെട്ടിയാണ് കുത്തിത്തുറന്നത്. നേര്‍ച്ചപ്പെട്ടി തുറന്ന് ഓരോ തവണയും നോട്ടുകള്‍ വാരി പോക്കറ്റിലിട്ട് പ്രാര്‍ഥിക്കാന്‍ നില്‍ക്കുന്നുവെന്ന വ്യാജേന ഇയാള്‍ പുറത്തേക്കു വന്ന് നോക്കുന്നതു സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനിടെ ഒരാള്‍ പ്രാര്‍ഥിക്കാന്‍ വന്നു. അപ്പോഴും പ്രതി പ്രാര്‍ഥിക്കാനെന്ന മട്ടില്‍ ഇരുന്നു. പ്രാര്‍ഥിക്കാന്‍ വന്നയാള്‍ പോയപ്പോള്‍ വീണ്ടും നേര്‍ച്ചപ്പെട്ടി തുറക്കാനുള്ള ശ്രമം മുറിയിലിരുന്ന് വികാരി ഫാ. ജോസഫ് പുവത്തൂക്കാരന്‍ കാണുകയായിരുന്നു. ഉടനെ വികാരിയച്ചന്‍ ഓടി പള്ളിക്കകത്തേക്കു ചെന്നു. പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ പ്രാര്‍ഥിക്കാനെത്തിയതാണെന്ന് കള്ളം പറഞ്ഞു. വീണ്ടും ചോദിക്കുന്നതിനിടെ ഇയാള്‍ പള്ളിയില്‍നിന്ന് ഇറങ്ങി ഓടി. പിടികൂടാന്‍ പിന്നാലെ അച്ചനും ഓടി.

പള്ളിമുറ്റത്തേക്ക് വികാരിയച്ചന്‍ ഓടിവരുന്നതുകണ്ട് അതുവഴിവന്ന ഓട്ടോഡ്രൈവര്‍ ജോസ് കാര്യമറിഞ്ഞപ്പോള്‍ മോഷ്ടാവിനെ പിന്തുടര്‍ന്നു. മോഷ്ടാവ് പള്ളി സെന്ററില്‍നിന്ന് അങ്ങോട്ടുമിങ്ങോട്ടും ഓടുന്നതിനിടെ ജോസ് ഓട്ടോയില്‍ പിന്തുടര്‍ന്നു. പെട്രോള്‍ പമ്പിനടുത്തുവച്ച് മോഷ്ടാവ്  തിരിഞ്ഞോടാന്‍ നോക്കിയപ്പോള്‍ ഓട്ടോ തിരിക്കുന്നതിനിടെ വൈദ്യുതി പോസ്റ്റിലിടിച്ചു. ഈ തക്കംനോക്കി മോഷ്ടാവ് ഇതുവഴി വന്ന ബൈക്കില്‍ കയറി രക്ഷപ്പെട്ടു. ഇതിനിടെ എത്തിയ മറ്റൊരു ബൈക്ക് യാത്രക്കാരനോട് ജോസ് വിവരം പറഞ്ഞു.

ഇരുവരും വീണ്ടും ഇയാളെ പിന്തുടര്‍ന്നെങ്കിലും വിളക്കുംകാല്‍ സെന്ററിലെത്തിയപ്പോള്‍ കാണാതായി. പിന്നീട് ഇവര്‍ ആശുപത്രി റോഡിലൂടെ കൂളായി നടന്നുപോകുന്ന മോഷ്ടാവിനെ കൈയോടെ പിടികൂടി കണ്ടശാംകടവ് പള്ളിയിലേക്കു കൊണ്ടുവരികയായിരുന്നു. വിവരമറിഞ്ഞെത്തിയ അന്തിക്കാട് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റുചെയ്തു. മോഷണദൃശ്യങ്ങളടങ്ങുന്ന സിസിടിവി ദൃശ്യവും പോലീസ് പരിശോധിച്ചു. സ്വന്തം നാട്ടിലെ പള്ളിയിലും (പറവൂര്‍) ഇയാള്‍ മോഷണം നടത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് അന്തിക്കാട് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Related posts