മാലൂര്‍-പേരാവൂര്‍ റോഡ് തര്‍ന്നു; യാത്ര ദുഷ്കരം

KNR-ROADമട്ടന്നൂര്‍:  നിത്യവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന മാലൂര്‍-പേരാവൂര്‍ റോഡ് പൊട്ടിപൊളിഞ്ഞ് ചെളിക്കുളമായി. കഴിഞ്ഞ വര്‍ഷം പൊതുമരാമത്ത് വകുപ്പ് പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡിന്റെ പ്രവൃത്തി നടത്തിയെങ്കിലും ഈ പദ്ധതി പ്രകാരമുള്ള എസ്റ്റിമേറ്റില്‍ ഉള്‍പ്പെട്ട പല പ്രധാന പ്രവൃത്തികളും കാലാവധി പിന്നിട്ടിട്ടും ഇനിയും ബാക്കിയാണ്. എസ്റ്റിമേറ്റിലുള്‍പ്പെട്ട റോഡിനിരുവശത്തുമുള്ള ഡ്രൈനേജുകളുടെ പ്രവൃത്തി കൃത്യമായി ചെയ്യാത്തതിനാലാണ്  മഴക്കാലത്ത് റോഡില്‍ വെള്ളം കെട്ടിക്കിടന്നു റോഡ് തകര്‍ന്നു  വലിയ കുഴികള്‍ രൂപപ്പെടുന്നത്.

റോഡിലെ കുഴികള്‍ കാരണം വളരെ ബുദ്ധിമുട്ടിയാണ് വാഹനങ്ങള്‍ ഇപ്പോള്‍ ഇതുവഴി കടന്നുപോകുന്നത്. റോഡിന്റെ ശോചനീയാവസ്ഥ മൂലം ഓട്ടോറിഷ പോലുള്ള ചെറുവാഹനങ്ങള്‍ ഇതുവഴിയുള്ള യാത്രകള്‍ നിര്‍ത്തിവയ്ക്കാന്‍ ഒരുങ്ങുകയാണ്. ശിവപുരം പാലുകാച്ചിപ്പാറ, എരട്ടേങ്ങല്‍, മാലൂര്‍ കെപിആര്‍ നഗര്‍, അരയാലിന്‍കീഴില്‍, തോലമ്പ്ര, താറ്റിയാട്, വെള്ളാര്‍ വള്ളി എന്നിവിടങ്ങളില്‍ റോഡില്‍ വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്.

പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്  ഇതുവഴി ശിവപുരം അയ്യല്ലൂര്‍ മട്ടന്നൂരിലൂടെ എളുപ്പം എത്തിചേരാം. കൂടാതെ വിമാന താവളത്തിന്റെ പ്രധാന സിഗ്‌നല്‍ സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്ന മാലൂര്‍ പുരളിമലയിലേക്ക് എത്തിചേരേണ്ടതും ഇതു വഴിയാണ്. മുമ്പ് പലതവണ റോഡിന്റെ അറ്റകുറ്റ പ്രവൃത്തി നടത്തിയെങ്കിലും ശാശ്വതമായ ഒരു പരിഹാരം ഉണ്ടായില്ല. റോഡിന്റെ അറ്റകുറ്റ പ്രവൃത്തി ഉടന്‍ നടത്തി ശോചനീയാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കുകയാണ്.

Related posts