കൊച്ചി: സര്‍ക്കാര്‍ അതിഥിമന്ദിരമായ ആലുവ പാലസിനു സമീപം വര്‍ഷങ്ങള്‍ക്കു മുന്‍പു നിര്‍മാണം ആരംഭിച്ച ആലുവ പാലസ് അനക്‌സ് പ്രവര്‍ത്തന സജ്ജമാക്കാത്തതിനെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണു നടപടി. നിര്‍മാണത്തിനു സര്‍ക്കാര്‍ ഖജനാവിലെ ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും പണി പൂര്‍ത്തിയാക്കാത്തതിന്റെ കാരണം ടൂറിസം സെക്രട്ടറിയും ഡയറക്ടറും എറണാകുളം ജില്ലാ കളക്ടറും വിശദീകരിക്കണമെന്നു കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സന്‍ പി. മേഹനദാസ് നോട്ടീസില്‍ ആവശ്യപ്പെട്ടു.
വിശദീകരണങ്ങള്‍ ഒരു മാസത്തിനകം സമര്‍പ്പിക്കണം. സാമ്പത്തിക ഞെരുക്കം കാരണം സാമൂഹ്യക്ഷേമ പദ്ധതികള്‍ പോലും ഫലപ്രദമായി നടപ്പാക്കാനാവാത്ത സാഹചര്യമാണു സംസ്ഥാനത്തുള്ളത്. എന്നിട്ടും സര്‍ക്കാര്‍ പണം ഇത്തരത്തില്‍ പാഴാക്കികളയുന്നത് അംഗീകരിക്കാനാവില്ലെന്നു കമ്മീഷന്‍ ചൂണ്ടിക്കാട്ടി. “ആലുവ പാലസ് അനക്‌സ് ആവശ്യമായിരുന്നില്ലേ’ എന്ന തലക്കെട്ടില്‍ രാഷ്ട്ര ദീപിക വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.