കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ ആരോപണവിധേയരായ മറ്റ് രാഷ്ട്രീയക്കാരുടെ മൊഴിയെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഇന്നലെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ രാവിലെ 10.15ന് എത്തിയ രാധാകൃഷ്ണന് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഉച്ചക്ക് രണ്ടോടെയാണ് മടങ്ങിയത്.
കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന് 42 കോടി രൂപ നല്‍കിയതായി എ.എന്‍. രാധാകൃഷ്ണന് ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചതായാണ് വിവരം. അനന്തു കൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എ.എന്‍. രാധാകൃഷ്ണന് പ്രസിഡന്റായ സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷന്‍ (സൈന്‍) സൊസൈറ്റി 42 കോടി രൂപ നല്‍കിയതായി നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ഈ സാമ്പത്തിക ഇടപാടിന്റെ പശ്ചാത്തലത്തിലാണ് രാധാകൃഷ്ണനെ ചോദ്യം ചെയ്തത്. സൈന്‍ സൊസൈറ്റി വഴി പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് പണം മടക്കി നല്കികൊണ്ടിരിക്കുകയാണെന്ന് രാധാകൃഷ്ണന് പറഞ്ഞു.
കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ രാധാകൃഷ്ണന് കഴിഞ്ഞമാസം ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. ഇതുപ്രകാരം കഴിഞ്ഞ 15ന് തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയ എ.എന്‍. രാധാകൃഷ്ണന് മാധ്യമപ്രവര്‍ത്തകരേ കണ്ടതോടെ മടങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്നാണ് ഇന്നലെ വീണ്ടും ഹാജരായത്.