ഓപ്പറേഷൻ സിന്ദൂറിന്റെ നേട്ടങ്ങൾ രാജ്യവ്യാപകമായി പ്രചരിപ്പിക്കാൻ റെയിൽവേ മന്ത്രാലയം. ഇതിന്റെ ഭാഗമായി ട്രെയിൻ ടിക്കറ്റുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും അതിനൊപ്പം ” ഓപ്പറേഷൻ സിന്ദൂറിലെ വീരജവാന്മാരെ അഭിവാദ്യം ചെയ്യുന്നു’ എന്ന അടിക്കുറിപ്പും ഉപയോഗിച്ച് തുടങ്ങി. ഇത് ഇന്ത്യൻ സൈനികരുടെ വീരത്വത്തിനുള്ള ആദരവാണെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
ഇതിനു പുറമേ എല്ലാ ഡിവിഷനുകളും സോണുകളും റെയിൽവേ സ്റ്റേഷനുകളിൽ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം പ്രതിപാദിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളും പരിപാടികളും സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്റ്റേഷനുകൾ ത്രിവർണ പതാകകളാൽ മനോഹരമായി അലങ്കരിക്കും.
ഓപ്പറേഷൻ സിന്ദൂർ പ്രമേയമാക്കി സ്കൂൾ വിദ്യാർഥികൾക്കായി പെയിന്റിംഗ് മത്സരവും സംഘടിപ്പിച്ച് തുടങ്ങി. സിന്ദൂർ ഓപ്പറേഷനിൽ സൈനികരുടെ ധൈര്യവും പോരാട്ട വീര്യവും എടുത്തു കാണിക്കുന്ന വീഡിയോ ക്ലിപ്പിംഗുകൾ സ്റ്റേഷനുകളിലെ പൊതു പ്രദർശന സംവിധാനങ്ങൾ വഴി പ്രചരിപ്പിക്കും.
ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം അടയാളപ്പെടുത്തുന്നതിന് ജമ്മു ഡിവിഷനിലെ സ്റ്റേഷനുകൾ സിന്ദൂരനിറത്തിൽ അലങ്കരിച്ച് കഴിഞ്ഞു. ഇതിൽ പത്താൻകോട്ട് റെയിൽവേ സ്റ്റേഷന്റെ ചിത്രം റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് സമൂഹ മാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. ഇത് സിന്ദൂരത്തിന്റെ നിറമാണ് എന്ന സന്ദേശത്തോടെയാണ് മന്ത്രിയുടെ പോസ്റ്റ്.
ന്യൂഡൽഹി അടക്കമുള്ള ചില സ്റ്റേഷനുകളിൽ ബഞ്ചുകൾ പ്രതിരോധ ഉദ്യോഗസ്ഥർക്കായി പ്രത്യേകം നീക്കിവയ്ക്കുകയും ചെയ്തു. ഈ ബഞ്ചുകളിൽ ” സൈനിക് സമ്മാൻ’ എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. വടക്കൻ റെയിൽവേയിലെ ചില സ്റ്റേഷനുകളിൽ വെയിറ്റിംഗ് ലോഞ്ചിലെ ഇരിപ്പിടങ്ങളും രാജ്യത്തിന്റെ വിവിധ സേനാ വിഭാഗങ്ങൾക്കായി സമർപ്പിച്ചിട്ടുണ്ട്.
ജമ്മു ഡിവിഷനിലെ ജമ്മു, സാംബ, മുകേരിയ, ഗുരുദാസ്പുർ, പത്താൻകോട്ട്, കത് വ തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലെ ബഞ്ചുകളിൽ ഇന്ത്യൻ സൈനികരുടെ ഡ്രസ് കോഡിന്റെ നിറത്തിലും വരച്ചിട്ടുണ്ട്.
ഇത് കൂടാതെ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ്, സിവിൽ ഡിഫൻസ് വോളന്റിയർമാർ എന്നിവരെ പങ്കെടുപ്പിച്ച് ദേശഭക്തിയുമായി ബന്ധപ്പെടുത്തി വിവിധ പ്രചാരണ പരിപാടികളും എല്ലായിടത്തും നടത്താനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.
- എസ്.ആർ. സുധീർ കുമാർ