കോഴിക്കോട്: നിര്‍ത്തിയിട്ട ബസിന്റെ ബ്രേക്ക് റിപ്പയര്‍ ചെയ്യുന്നതിനിടെ ഡ്രൈവര്‍ ബസ് മുന്നോട്ട് എടുത്തതിനെത്തുടർന്ന് ബസ് തലയില്‍ കയറിയിറങ്ങി മെക്കാനിക്കിനു ദാരുണാന്ത്യം. വെസ്റ്റ്ഹില്‍ പുത്തലത്ത് വീട്ടില്‍ പി. മോഹനന് (65) ആണു മരിച്ചത്.
കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ രാവിലെ 9.45ഓടെയാണു സംഭവം. കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന കെഎല്‍ 58 എജി 0207 വിന്‍വേ ബസിന്റെ ബ്രേക്ക് അഡ്ജസ്റ്റ് ചെയ്യുന്നതിനിടെയായിരുന്നു അപകടം.
രാവിലെ 9.15ന് സ്റ്റാന്‍ഡിലെത്തിയ ബസിന്റെ ബ്രേക്ക് അഡ്ജസ്റ്റ് ചെയ്യാനായി ഡ്രൈവറാണ് പി. മോഹനനെ വിളിച്ചത്. ബസിനടിയില്‍ പിറകുഭാഗത്ത് കിടന്ന് മോഹനന് ബ്രേക്ക് അഡ്ജസ്റ്റ് ചെയ്യുന്ന സമയത്ത് ഡ്രൈവറും കണ്ടക്ടറും ചായ കുടിക്കാന്‍ പോയി. കുറച്ചു സമയം കഴിഞ്ഞ് മടങ്ങിവന്ന് സ്റ്റാന്‍ഡിലെ ബസ്ബേയിലേക്കു കയറ്റിയിടാനായി ബസ് മുന്നോട്ടെടുത്തപ്പോള്‍ മോഹനന്റെ തലയിലൂടെ പിന് ടയര്‍ കയറിയിറങ്ങുകയായിരുന്നു.
ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ ബസ് ഡ്രൈവറുടെ പേരില്‍ കസബ പോലീസ് കേസെടുത്തു. സുനന്ദയാണു മോഹനന്റെ ഭാര്യ. മക്കള്‍: അനൂപ്, അനീഷ്, അശ്വതി. മരുമക്കള്‍: ആമി, വിദ്യ, ശ്രീജിത്ത് (പുതിയപാലം).