പരവൂർ: കേരളത്തിന് മറ്റൊരു വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ കൂടി ലഭിക്കാൻ സാധ്യത.ഗോവ -മംഗളുരു വന്ദേ ഭാരത് എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടാനുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം. സർവീസ് ദീർഘിപ്പിക്കുന്നത് സംബന്ധിച്ച് റെയിൽവേ മന്ത്രാലയാ തത്വത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം വരേണ്ടത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ്. ഏറെ താമസിയാതെ ഇക്കാര്യത്തിൽ പ്രഖ്യാപനം വരുമെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന വിവരം.
സർവീസ് ദീർഘിപ്പിച്ചാൽ വടക്കൻ കേരളത്തിൽ നിന്നുള്ളവർക്ക് ഗോവയിൽ എത്താൻ ഏറെ പ്രയോജനം ചെയ്യും. മാത്രമല്ല ഗോവയിലെ മലയാളി സമൂഹത്തിനും വേഗം കേരളത്തിലെത്താനും ഈ സർവീസ് വഴി സാധിക്കും. ഗോവ -മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (20645) ഗോവയിലെ മഡ്ഗാവിൽ നിന്ന് 437 കിലോമീറ്റർ ദൂരം നാല് മണിക്കൂർ 35 മിനിറ്റ് എടുത്താണ് മംഗളൂരു സെൻട്രലിൽ എത്തുന്നത്. ഗോവയിൽ നിന്ന് വൈകുന്നേരം 6.10 ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10.45നാണ് മംഗളുരുവിൽ എത്തുന്നത്. കാർവാർ, ഉഡുപ്പി എന്നീ രണ്ട് സ്റ്റോപ്പുകൾ. ആഴ്ചയിൽ ആറ് ദിവസമാണ് സർവീസ്.
തിരികെയുള്ള ട്രെയിൻ (20646) ഗോവയിൽ നിന്ന് രാവിലെ 8.30 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.10ന് മംഗളുരു സെൻട്രലിൽ എത്തും.
കേരളത്തിൽ നിലവിൽ രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്.കാസർഗോഡ് – തിരുവനന്തപുരം റൂട്ടിലാണ് (20633/20634) ആദ്യത്തെ സർവീസ്. തിരുവനന്തപുരം -മംഗളുരു സെൻട്രൽ (20631/20632) വന്ദേഭാരത് എക്സ്പ്രസ് ട്രെയിനാണ് രണ്ടാമത്തേത്. ഇരു ട്രെയിനുകളും ആഴ്ചയിൽ ആറ് ദിവസമാണ് സർവീസ് നടത്തുന്നത്.
കേരളത്തിന് മൂന്നാമതായി അനുവദിച്ച എറണാകുളം – ബംഗളുരു വന്ദേഭാരത് എക്സ്പ്രസ് നവംബർ രണ്ടാം വാരത്തോടെ സർവീസ് ആരംഭിക്കുമെന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിട്ടുള്ളത്. പാലക്കാട്, തൃശൂർ സ്റ്റേഷതകളിൽ ഈ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും.
ഗോവ -മംഗളുരു വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടിയിൽ കേരളത്തിൽ സർവീസ് നടത്തുന്ന നാലാമത്തെ വന്ദേഭാരത് ട്രെയിനായിരിക്കും ഇത്. നിലവിൽ ഈ ട്രെയിനിന്റെ യാത്രക്കാരുടെ ഒക്കുപ്പുൻസി റേറ്റ് വളരെ കുറവാണ്. സർവീസ് ദീർഘിപ്പിച്ചാൽ ഇതിൽ കാര്യമായ വർധന ഉണ്ടാകുമെന്നും റെയിൽവേ അധികൃതർ പ്രതീക്ഷിക്കുന്നു.
- എസ്.ആർ. സുധീർ കുമാർ

