തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിക്കെതിരെ കടുത്ത നിലപാടുമായി സിപിഐ. പദ്ധതിയുമായി മുന്നോട്ട് പോകുകയാണെങ്കില് മന്ത്രിമാരെ പിന്വലിക്കണമെന്ന നേതാക്കളുടെ അഭിപ്രായത്തെത്തുടര്ന്ന് മന്ത്രിമാരും രാജിസന്നദ്ധത അറിയിച്ചു. മന്ത്രിമാരായ കെ.രാജനും പി.പ്രസാദും ജി.ആര്. അനിലും ചിഞ്ചുറാണിയുമാണ് രാജി സന്നദ്ധത പാര്ട്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
പാര്ട്ടി പറഞ്ഞാല് എന്തിനും തയാറാണെന്നാണ് മന്ത്രിമാരും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തുടക്കം കുറിച്ച പദ്ധതികളുടെ ഫയല് വര്ക്കുകള് വേഗത്തിലാക്കാന് നാലു മന്ത്രിമാരും തങ്ങളുടെ ഓഫീസ് ജീവനക്കാര്ക്കു നിര്ദേശം നല്കി.
കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ ചേർന്ന കേന്ദ്ര സെക്രട്ടേറിയറ്റ്, നിർവാഹകസമിതി യോഗങ്ങളിൽ സർക്കാർ നടപടിക്കെതിരേ കനത്ത രോക്ഷമാണ് ഉയർന്നത്.
പിഎം ശ്രീയിൽ ഒപ്പിട്ടു എന്നു മാത്രമായി വിഷയത്തെ ചുരുക്കേണ്ടെന്നും ബിജെപിയുടെ നയങ്ങൾ അംഗീകരിക്കുന്നവരായി എൽഡിഎഫ് സർക്കാർ മാറിയതിനെതിരേയാണ് പ്രതികരിക്കേണ്ടതെന്നുമുള്ള വികാരമാണ് യോഗങ്ങളിൽ ഉണ്ടായത്. കേരളത്തിൽനിന്നുള്ള കെ. പ്രകാശ് ബാബുവാണ് നിർവാഹക സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചത്.
വിഷയത്തിൽ നിർണായക തീരുമാനമെടുക്കാൻ സിപിഐ നിർവാഹകസമിതി യോഗം ഇന്ന് ആലപ്പുഴയിൽ നടക്കുകയാണ്. യോഗത്തിൽ നിർണായക തീരുമാനമുണ്ടാകുമെന്നു തന്നെയാണ് സൂചന. മന്ത്രിമാരെ പിൻവലിക്കുമോ അതോ മുന്നണിയിൽ നിന്നുതന്നെ മാറിനിൽക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകും: ബിനോയ് വിശ്വം
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ട് പോകുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആശയപരമായും നയപരമായും മുന്നോട്ട് പോകും. മുഖ്യമന്ത്രി തന്നെ ഇതുവരെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം വിളിച്ചെന്ന വാര്ത്തകള് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്ത്തകരുടെ ചോദ്യങ്ങള്ക്കു മറുപടിയായാണ് ഇക്കാര്യങ്ങള് പറഞ്ഞത്.
സിപിഐ നിലപാടുകള്ഉള്ള പാര്ട്ടി: മന്ത്രി കെ.രാജന്
തിരുവനന്തപുരം: പിഎം ശ്രീക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുമെന്നു മന്ത്രി കെ. രാജന്. നിലപാടുകളുള്ള പാര്ട്ടിയാണ് സിപിഐ. പാര്ട്ടിയുടെ നിലപാടുകള് എല്ലാം സംസ്ഥാന സെക്രട്ടറി പറയും. എടുക്കുന്ന തീരുമാനങ്ങളെക്കുറിച്ച് സിപിഐക്കു കൃത്യമായ നിലപാടും ധാരണയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്ത്തകരുടെ ചോദ്യങ്ങള്ക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള് പറഞ്ഞത്.
സിപിഎം സംസ്ഥാനbസെക്രട്ടേറിയറ്റ് തുടങ്ങി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില് സിപിഐയുടെ എതിര്പ്പ് പരിഹരിക്കാനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം എകെജി സെന്ററില് രാവിലെ തുടങ്ങി. പ്രശ്നപരിഹാരത്തിനാണ് യോഗമെന്നു സിപിഎം ജനറല് സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി.
മന്ത്രിമാരെ ഉള്പ്പെടെ പിന്വലിക്കാനുള്ള കടുത്ത നിലപാടുമായി സിപിഐ മുന്നോട്ട് പോകുന്നതിനിടെയാണ് സിപിഎം അടിയന്തര സെക്രട്ടറിയേറ്റ് കൂടുന്നത്.

