എഐ അടിസ്ഥാനമാക്കിയുള്ള ഗൂഗിൾ സെർച്ച് ഇന്ത്യയിലും അവതരിപ്പിക്കുന്നു. കഴിഞ്ഞ മാർച്ചിൽ അമേരിക്കയിലെ തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്കായി അവതരിപ്പിച്ച ഗൂഗിൾ സെർച്ചിലെ എഐ മോഡ് ഇനി ഇന്ത്യയിലെ ഉപയോക്താക്കൾക്കും ലഭ്യമാകും. ഈ സേവനം അമേരിക്കയ്ക്കു പുറത്തു ലഭിക്കുന്ന ആദ്യ രാജ്യമാകുകയാണ് ഇന്ത്യ.
ആളുകള്‍ എന്തിന്, എങ്ങനെ, എവിടെ തെരയുന്നു എന്നതിനെ അടിസ്ഥാനമാക്കി എഐ മോഡ് അത് പുനര്‍നിര്‍മിക്കും. “തെരയല്‍” എന്ന അനുഭവം ഇനി ഒരു വെബ്പേജിലെ ഒരൊറ്റ ബോക്സില്‍ മാത്രം ഒതുങ്ങുന്നില്ലെന്നു സാരം. മേയിൽ അമേരിക്കയിലെ എല്ലാ ഉപയോക്താക്കൾക്കും എഐ സേവനം ലഭ്യമാക്കിയിരുന്നു. ഗൂഗിൾ വെബ്സൈറ്റിൽ പ്രത്യേക ഓപ്ഷനായി എഐ മോഡ് ഉണ്ടാവും.
ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഗൂഗിൾ ലെൻസിൽ ഇന്റഗ്രേറ്റഡ് ആയും ഈ ഫീച്ചർ ലഭ്യമാവും. സെർച്ച് ലാബ്സിലാണ് ഇപ്പോൾ ഈ ഓപ്ഷൻ ലഭ്യമായിട്ടുള്ളത്. സെർച്ച് ലാബ്സിൽനിന്ന് ഉപയോക്താക്കൾ എഐ മോഡ് രജിസ്റ്റർ ചെയ്താൽ അവർക്ക് സേവനം ലഭ്യമായിത്തുടങ്ങും. ആക്ടിവേറ്റ് ചെയ്താൽ റിസൾട്ട് പേജിലെ സെർച്ച് ബോക്സിന് താഴെ ഏറ്റവും ഇടതുവശത്തായി എഐ മോഡിന്റെ പുതിയ ഓപ്ഷനുണ്ടാവും. ജെമിനി 2/5 എൽഎൽഎം ലാംഗ്വേജിലാണ് എഐ സെർച്ച് പ്രവർത്തിക്കുന്നത്. ഗൂഗിൾ വെബ്സൈറ്റിലും ആപ്പിലും എഐ മോഡ് ഉണ്ട്. വോയിസ് ഇൻപുട്ടും ഈ മോഡിൽ ഗൂഗിൾ ലഭ്യമാക്കിയിട്ടുണ്ട്.