തൊടുപുഴ: വിഷം ഉള്ളിൽച്ചെന്ന് യുവതിയായ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവിനെതിരേ കൊലക്കുറ്റം ചുമത്തി.യുവതി ചികിത്സയിൽ കഴിയുന്നതിനിടെ നൽകിയ മരണമൊഴിയിലാണ് ഭർത്താവിന്റെ ക്രൂരകൃത്യം വെളിപ്പെടുത്തിയത്.
പുറപ്പുഴ ആനിമൂട്ടിൽ ജോർലി (34) വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവത്തിലാണ് ഭർത്താവ് ടോണി മാത്യു (43) വിനെതിരേ കരിങ്കുന്നം പോലീസ് കൊലക്കുറ്റം ചുമത്തിയത്. നേരത്തേ വധശ്രമത്തിനാണ് ഇയാൾക്കെതിരേ കേസെടുത്തിരുന്നത്.കഴിഞ്ഞ 26നാണ് ജോർലിയെ വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വീട്ടിൽ നടന്ന വഴക്കിനിടെ ബലം പ്രയോഗിച്ച് കവിളിൽ കുത്തിപ്പിടിച്ചശേഷം ഭർത്താവ് ടോണി കുപ്പിയിലെ വിഷം വായിൽ ഒഴിച്ചു നൽകുകയായിരുവെന്ന് ജോർലി ആശുപത്രിയിൽ വച്ച് മജിസ്ട്രേറ്റിനും പോലീസിനും മൊഴി നൽകിയിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ജോർലി വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് മരിച്ചത്.
വിഷം ഉള്ളിൽച്ചെന്നനിലയിൽ ജോർലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് ജോർലിയുടെ പിതാവ് പല്ലാരിമംഗലം അടിവാട് കുന്നക്കാട് ജോണ് കരിങ്കുന്നം പോലീസിൽ പരാതി നൽകിയിരുന്നു.ഭർത്താവിന്റെയും ബന്ധുക്കളുടെയും ഭാഗത്തുനിന്ന് ജോർലിക്ക് നിരന്തരമായി കടുത്ത മാനസിക, ശാരീരിക പീഡനങ്ങൾ ഏറ്റിരുന്നതായി പരാതിയിൽ വ്യക്തമാക്കിയിരുന്നു.
ഇതിന്റെ തുടർച്ചയായി പോലീസ് നടത്തിയ അന്വേഷണത്തിൽ ഭർതൃവീട്ടിൽ ജോർലി കടുത്ത പീഡനമേറ്റിരുന്നെന്നും വിഷം ഇയാൾ കടയിൽനിന്നു വാങ്ങിയതാണെന്നും വ്യക്തമായി.ഇതിനു പുറമേയാണ് ടോണി ബലമായി വിഷം വായിൽ ഒഴിച്ചുകൊടുക്കുകയായിരുന്നെന്ന് ജോർലി മജിസ്ട്രേറ്റിനും പോലീസിനും മൊഴി നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ടോണിക്കെതിരേ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളെ പുറപ്പുഴയിലെ വീട്ടിലും വിഷം വാങ്ങിയ പുറപ്പുഴയിലെ വ്യാപാര സ്ഥാപനത്തിലും എത്തിച്ച് തെളിവെടുക്കുകയും ചെയ്തു.ഇതിനു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
ആവശ്യമെങ്കിൽ ടോണിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്നും ഇയാളുടെ ബന്ധുക്കൾക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ഇ.കെ. സോൾജിമോൻ പറഞ്ഞു.പോസറ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം നാളെ 2.30ന് പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ നടക്കും.