ഫോർട്ടുകൊച്ചി: ഫ്രാൻസിൽ നടന്ന പാരീസ് വേൾഡ് ഗെയിംസ് ഹാൻഡ് ബോൾ മത്സരത്തിൽ ഗോൾ മഴ പെയ്യിച്ചു കുമ്പളങ്ങി ഗ്രാമത്തിന്റെ അഭിമാനമായി പതിനഞ്ചുകാരൻ. തേവര സേക്രഡ് ഹാർട്ട് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി യോഹയാണ് ഇന്ത്യൻ ജഴ്സിയിൽ മിന്നിയത്. കുമ്പളങ്ങി സേക്രഡ് ഹാർട്ട് ഇടവക തോലാട്ട് ജിബി-ടിമ ദമ്പതികളുടെ മകനാണ്.
ഹാൻഡ് ബോൾ കമ്പം യോഹയുടെ ഇളം മനസിൽ കുടിയേറിയത് മുൻ സംസ്ഥാന ഹാൻഡ്ബോൾ താരമായ അമ്മ ടിമയിൽനിന്നാണ്. അമ്മയുടെ പരിശീലനവും പ്രോത്സാഹനവുമാണ് യോഹയെ ലോകവേദിയിലെത്തിച്ചത്.
കഴിഞ്ഞ ഏഴു മുതൽ 12 വരെ നടന്ന മത്സരത്തിൽ 15 രാജ്യങ്ങളിൽനിന്നായി 65 ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്. ഒന്പതിനും 19 നും മധ്യേ പ്രായമുള്ളവരുടെ വിഭാഗത്തിൽ അഞ്ചു മത്സരങ്ങളിൽ യോഹ കളത്തിലിറങ്ങി.
ഇതിൽ കെനിയയുമായുള്ള മത്സരത്തിൽ അഞ്ചു ഗോളും ഡെന്മാർക്കുമായുള്ള മത്സരത്തിൽ രണ്ടു ഗോളും അടിച്ചു. ഡെന്മാർക്കാണു ചാന്പ്യൻമാരായതെങ്കിലും യോഹയുടെ വ്യക്തിഗത പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. യോഹയുടെ സഹോദരി ഡോവയും ഹാൻഡ് ബോളിൽ പരിശീലനം നേടുന്നുണ്ട്.