ഇലഞ്ഞി: അണ്ടർ-16 ഏഷ്യൻ വോളിബോൾ ചാന്പ്യൻഷിപ്പിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിലെ ഏക മലയാളി സാന്നിധ്യമായി എഡ്വിൻ പോൾ സിബി. കേരള വോളിബോൾ പാരന്പര്യം ഉയർത്തിപ്പിടിച്ച് ഇലഞ്ഞി സ്വദേശി എഡ്വിൻ മലയാളക്കരയുടെ അഭിമാനമായി.
ഇലഞ്ഞി ആലപുരം കിഴക്കേകൈപ്പെട്ടിയിൽ സിബി പോളിന്റെയും മായാ ജോർജിന്റെയും ഏക മകനാണ് എഡ്വിൻ. അമ്മാവനും മുൻ സംസ്ഥാന വോളി ടീമംഗവുമായ വലവൂർ സ്വദേശി ജോബി ജോർജിന്റെ ശിക്ഷണമാണു ഫുട്ബോൾ മോഹവുമായി നടന്ന എഡ്വിനെ വോളിബോളിലേക്കെത്തിച്ചത്.
കോട്ടയം ഗിരിദീപം ബഥനി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ഗിരിദീപം ബഥനി സ്കൂളിലെ വോളിബോൾ കോച്ച് ലാലു ജോണിന്റെ ശിക്ഷണത്തിലാണ് എഡ്വിൻ ദേശീയ ടീമിലെത്തിയത്.
ബംഗളൂരുവിലെ സായ് സെന്ററിൽ നടന്ന കോച്ചിംഗ് ക്യാന്പിൽനിന്നായിരുന്നു എഡ്വിൻ ഉൾപ്പെടുന്ന 12 അംഗ ടീമിന്റെ സെലക്ക്ഷൻ. ഇന്ന് ടീം അംഗങ്ങൾ കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചേരുമെന്ന് എഡ്വിന്റെ മാതാപിതാക്കൾ പറഞ്ഞു.