ആലുവ: കോളജ് അധ്യാപികയായ ഭാര്യയുടെ മാതാപിതാക്കൾ താമസിക്കുന്ന വീട് തല്ലിത്തകർത്തതിനും അക്രമിക്കാൻ ശ്രമിച്ചതിനും യുവാവിനെ ബിനാനിപുരം പോലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കി മാമലക്കണ്ടം സ്വദേശിയും കോട്ടപ്പുറത്ത് താമസിക്കുന്ന ആളുമായ വൈശാഖി (39)നെയാണ് അറസ്റ്റ് ചെയ്തത്.
അഞ്ചു വർഷം മുമ്പ് അധ്യാപികയും വൈശാഖും തമ്മിൽ പ്രണയത്തിലാകുകയായിരുന്നു. ഇവർക്ക് രണ്ട് വയസുള്ള കുട്ടിയുണ്ട്. ലഹരിക്കടിമയായ ഭർത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെ ഇവർ അവരുടെ സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നു.
ഇന്നലെ രാത്രി വീട്ടിലെത്തി വധഭീഷണി മുഴക്കുകയും ജനലുകളും മറ്റും തല്ലിത്തകർക്കുകയും ചെയ്തു. അക്രമത്തിന്റെ ദൃശ്യം സഹിതം ഇവർ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ 21ന് പരാതി നൽകിയിരുന്നെങ്കിലും പോലീസ് നടപടിയെടുത്തിരുന്നില്ല. പോലീസിൽ പരാതി കൊടുത്തതിൽ പ്രകോപിതനായാണ് അക്രമം നടത്തിയത്. ഇത് വിശദമാക്കിയാണ് സോഷ്യൽ മീഡിയയിൽ വീഡിയോ ഇട്ടത്. അധ്യാപികയിൽനിന്നും മൊഴിയെടുത്ത ശേഷമാണ് പോലീസ് വൈശാഖിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കും.