ന്യൂയോർക്ക്: ന്യൂയോർക്ക് മിഡ്ടൗൺ മാൻഹട്ടൻ ഓഫീസ് കെട്ടിടത്തിലുണ്ടായ വെടിവയ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർ മരിച്ചു. പിന്നീട് അക്രമി സ്വയം വെടിവച്ചു മരിച്ചു. 27കാരനായ ഷെയ്ൻ ഡെപോൺ ടമൂറ ആണ് കൊലയാളി. സംഭവത്തിൽ നിരവധിപ്പേർക്കു പരിക്കേറ്റു.
ഇന്നലെയാണു സംഭവം. നിരവധി മുൻനിര കമ്പനികളുടെ ആസ്ഥാനമായ 44 നില കെട്ടിടത്തിലേക്കു പ്രാദേശിക സമയം വൈകുന്നേരം ആറരയോടെ തോക്കുമായെത്തിയ ടമൂറ വെടിയുതിർക്കുകയായിരുന്നു. ഇയാൾ തോക്കുമായി കെട്ടിടത്തിനുള്ളിലേക്കു പ്രവേശിക്കുന്നതിന്റെയും അക്രമസംഭവങ്ങളുടെയും കെട്ടിടത്തിൽനിന്ന് ആളുകൾ ഭയചകിതരായി പുറത്തേക്ക് ഓടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ന്യൂയോർക്കിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളിലൊന്നായ റൂഡിൻ മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ന്യൂയോർക്ക് നഗരത്തിൽ ഏകദേശം പതിനഞ്ച് ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ഓഫീസ് കെട്ടിടങ്ങളും റെസിഡൻഷ്യൽ ടവറുകളും സ്ഥാപനത്തിനുണ്ട്.
ലാസ് വെഗാസിൽനിന്നുള്ള വ്യക്തിയാണ് ടമൂറ. പ്രതിയുടെ പശ്ചാത്തലത്തെക്കുറിച്ചുള്ള പ്രാഥമിക പരിശോധനകളിൽ കാര്യമായ ക്രിമിനൽ ചരിത്രമൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു. 345 പാർക്ക് അവന്യൂവിലെ അംബരചുംബിയായ കെട്ടിടത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഹെഡ്ജ് ഫണ്ടായ ബ്ലാക്ക്സ്റ്റോൺ, കെപിഎംജി, ഡച്ച് ബാങ്ക് എന്നിവയുൾപ്പെടെ നിരവധി ധനകാര്യ സ്ഥാപനങ്ങളും എൻഎഫ്എൽ ആസ്ഥാനവും പ്രവർത്തിക്കുന്നുണ്ട്.