ലണ്ടന്‍: ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റ് ക്രിക്കറ്റിന്റെ രണ്ടാംദിനമായ ഇന്നലെ ഇംഗ്ലീഷ് താരങ്ങളും ക്രിക്കറ്റ് കൂട്ടായ്മയും ‘തോര്‍പ്പി ഡേ’ ആചരിച്ചു. ഇംഗ്ലണ്ടിന്റെ മുന്‍ താരമായ, അകാലത്തില്‍പൊലിഞ്ഞ ഗ്രഹാം തോല്പ്പിന്റെ 56-ാം ജന്മദിനമായിരുന്നു ഇന്നലെ. തോര്‍പ്പിന്റെ കുടുംബവും സുഹൃത്തുക്കളും ദേശീയ ടീമും ‘തോര്പ്പിനായി ഒരു ദിനം/എ ഡേ ഫോര്‍ തോര്‍പ്പ്’ ആചരിച്ചു.
ഓവല്‍ ടെസ്റ്റിന്റെ രണ്ടാംദിന മത്സരം ആരംഭിക്കുന്നതിനു മുമ്പ് ഇംഗ്ലീഷുകാർ തോര്‍പ്പിനെ അനുസ്മരിച്ച് പ്രത്യേകമായി തയാറാക്കിയ ഹെഡ്ബാന്‍ഡ് അണിഞ്ഞു.
2024 ഓഗസ്റ്റ് 4നു ട്രെയിനിനു മുന്നില്‍ ജീവന്ഹോമിക്കുകയായിരുന്നു തോര്‍പ്പി എന്നറിയപ്പെട്ടിരുന്ന തോര്‍പ്പ്. ഇടംകൈ ബാറ്ററായ തോര്‍പ്പ്, 1993-2005 കാലഘട്ടത്തില്‍ ഇംഗ്ലണ്ടിനായി 100 ടെസ്റ്റും 82 ഏകദിനവും കളിച്ചു. ടെസ്റ്റില്‍ 6744 റണ്‍സും ഏകദിനത്തില്‍ 2380 റണ്‍സും നേടി.