ഇടുക്കി: രാജാക്കാട് പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ശ്രീനാരായണപുരത്തെ റിപ്പിൾ വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ തിരക്ക്. മഴ തകർത്തുപെയ്യുന്പോൾ ഭംഗി വർധിക്കുന്ന വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യം ആസ്വദിക്കാനായി വിദേശത്തുനിന്നും സ്വദേശത്തുനിന്നുമായി അഞ്ഞൂറിലധികം പേരാണ് ദിനംപ്രതി ഇവിടെ എത്തുന്നത്.
ജൂണ്‍, ജൂലൈ മാസങ്ങളിലായി 30,000ത്തിലധികം സഞ്ചാരികളാണ് വെള്ളച്ചാട്ടം ആസ്വദിക്കാനെത്തിയത്. ജൂണിൽ 15187 പേരും ജൂലൈയിൽ 16814 പേരും ഇവിടെ സന്ദർശനം നടത്തി. മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പൊതുവേ സന്ദർശകരുടെ എണ്ണം കുറഞ്ഞപ്പോൾ ശ്രീനാരായണപുരം വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യം കാണാൻ കനത്ത മഴയിലും വലിയ തിരക്കനുഭവപ്പെട്ടു. ടിക്കറ്റ് ഇനത്തിൽ ഈ സീസണിൽ ഇതിനകം ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന് എട്ടു ലക്ഷം രൂപ ലഭിച്ചു.
വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്കായി ഡിടിപിസി കരിങ്കല്ലുകൊണ്ടു തീർത്ത ആകർഷകമായ പവലിയനും ശുചിമുറി സൗകര്യവും വിശ്രമ കേന്ദ്രവും സംരക്ഷണ വലയങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. റിപ്പിൾ വെള്ളച്ചാട്ടത്തിന്റെ പ്രവർത്തനങ്ങൾക്കായി 1,49,59,910 രൂപയാണ് ഇതുവരെ ഡിടിപിസി വിനിയോഗിച്ചിരിക്കുന്നത്.
ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളെ ആകർഷിക്കാനായി നടപ്പാക്കിയ ഇൻസ്റ്റലേഷൻ ഓഫ് ഫോട്ടോഫ്രെയിംസ് അറ്റ് -7 ലൊക്കേഷൻസ് പദ്ധതിയുടെ ഭാഗമായി ശ്രീനാരായണപുരത്തെ റിപ്പിൾ വെള്ളച്ചാട്ടത്തിനും ഫ്രെയിംസ് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ സഞ്ചാരികൾക്ക് ചിത്രങ്ങൾ പകർത്താം.
സഞ്ചാരികൾക്ക് സുഗമമായി വെള്ളച്ചാട്ടം ആസ്വദിക്കുന്നതിന് സൗകര്യമൊരുക്കാൻ 11 ജീവനക്കാർ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. അഞ്ചു മുതൽ പന്ത്രണ്ട് വരെ പ്രായമുള്ള കുട്ടികൾക്ക് 15 രൂപയും മുതിർന്നവർക്ക് 25 രൂപയുമാണ് പ്രവേശന ഫീസ്.പന്നിയാർകുട്ടിയിൽനിന്ന് മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിൽ എത്തിച്ചേരാം.
അടിമാലി – കല്ലാർകുട്ടി വഴിയും ഇങ്ങോട്ടേക്ക് എത്താം. കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ കുഞ്ഞിത്തണ്ണി വഴി രാജാക്കാട്ടേക്കുള്ള പാതയിലാണ് ശ്രീനാരായണപുരം വെള്ളച്ചാട്ടം. തേക്കിൻകാനത്തുനിന്ന് 1.5 കിലോമീറ്റർ അകലെ മുതിരപ്പുഴയാറിൽ പരസ്പരം അടുക്കിവച്ചിരിക്കുന്ന പോലെയുള്ള അഞ്ചു വെള്ളച്ചാട്ടങ്ങളും ഇവിടെ എത്തുന്നവർക്ക് കാഴ്ചവിരുന്ന് ഒരുക്കുന്നു.