ന്യൂഡൽഹി: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ഇന്നു മുതൽ ഏർപ്പെടുത്തുന്ന 25 ശതമാനം അധിക തീരുവയുടെ പ്രതിസന്ധി മറികടക്കാൻ മുന്നൊരുക്കം ശക്തമാക്കി കേന്ദ്രസർക്കാർ. ആഭ്യന്തര ഉപഭോഗം മെച്ചപ്പെടുത്തിയും പുതിയ വിപണികൾ കണ്ടെത്തിയും മേക്ക് ഇൻ ഇന്ത്യയിലൂടെ അധിക നിക്ഷേപം ആകർഷിച്ചും തിരിച്ചടി മറികടക്കാനാണ് ശ്രമം.
രാജ്യത്തിന്റെ ജിഡിപിയുടെ 60 ശതമാനവും സംഭാവന ചെയ്യുന്ന പ്രാദേശിക ഉപഭോഗം വർധിപ്പിച്ച് ഭീമൻ തീരുവയെ നേരിടാനാണു കേന്ദ്രസർക്കാരിന്റെ നീക്കം. ഇതിനായി സർക്കാർ മുന്നോട്ടുവച്ച ജിഎസ്ടിയിലെ ഇളവുകളും പരിഷ്കാരങ്ങളും രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് സീസണുകളിലൊന്നായ നവരാത്രി ആഘോഷങ്ങൾക്കുമുന്പ് നടപ്പിൽ വരുത്തും.
സെപ്റ്റംബർ മധ്യത്തോടെ മാറ്റങ്ങൾ പ്രാബല്യത്തിലായാൽ ഉത്തരേന്ത്യയിലെ ജനങ്ങൾ വൻതോതിൽ വാഹനങ്ങളും വസ്ത്രങ്ങളും ആഭരണങ്ങളും വസ്തുക്കളും വാങ്ങുന്ന നവരാത്രിയിലും ദീപാവലിയിലും ഉപഭോഗം വർധിപ്പിച്ച് തീരുവയെ നേരിടാമെന്നു കേന്ദ്രം കണക്കുകൂട്ടുന്നു.
യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പ്രഖ്യാപിച്ച തീരുവ ഇന്നു പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് സ്ഥിരീകരിച്ചു. യുഎസ് സമയം ബുധനാഴ്ച അര്‍ധരാത്രി 12.01നുശേഷം (ഇന്ത്യന്‍സമയം പകല്‍ ഒമ്പത്) അവിടത്തെ വിപണിയിലെത്തുന്നതും സംഭരണശാലകളില്‍നിന്ന് യുഎസ് വിപണികളിലേക്ക് പുറപ്പെടുന്നതുമായ ഇന്ത്യന്‍ ചരക്കുകള്‍ക്ക് പിഴതീരുവ ബാധകമാകും. നിലവിലെ 25 ശതമാനം തീരുവ ഇതും ചേരുമ്പോള്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്കു കയറ്റുമതിചെയ്യുന്ന ചരക്കുകളുടെ തീരുവ 50 ശതമാനമാകും.
റഷ്യയില്‍നിന്ന് എണ്ണയും പടക്കോപ്പുകളും വാങ്ങി യുക്രെയ്ന് യുദ്ധത്തിനു സഹായംചെയ്യുന്നെന്നാരോപിച്ച് കഴിഞ്ഞ ഏഴിനാണ് ഇന്ത്യക്ക് ട്രംപ് 25 ശതമാനം പിഴച്ചുങ്കം പ്രഖ്യാപിച്ചത്. റഷ്യന്‍ എണ്ണയുടെ കാര്യത്തില്‍ നീക്കുപോക്കുണ്ടാക്കി യുഎസുമായി കരാറുണ്ടാക്കുന്നതിനായി 21 ദിവസത്തെ സമയം അനുവദിച്ചിരുന്നു. ഇത് ചൊവ്വാഴ്ച അവസാനിച്ചിരുന്നു.
യുഎസ് ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുന്നെന്നാരോപിച്ച് ഇന്ത്യക്ക് പ്രഖ്യാപിച്ച 25 ശതമാനം പകരച്ചുങ്കം കഴിഞ്ഞ ഏഴിന് നിലവില്‍വന്നിരുന്നു. യുഎസിന്റെ 50 ശതമാനം തീരുവ ഇന്ത്യയുടെ കയറ്റുമതിമേഖലയെയും വിതരണശൃംഖലയെയും കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. 2021-22 മുതല്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് യുഎസ്. 1,31,800 ഡോളറിന്റെ (11.54 ലക്ഷംകോടി രൂപ) ഉഭയകക്ഷിവ്യാപാരമാണ് 2024-25ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടന്നത്.