ചമ്പക്കുളം: നെല്ലിന്റെ താങ്ങുവില കേന്ദ്രസർക്കാർ ഇടയ്ക്കിടെ കൂട്ടുന്നതായി റിപ്പോർട്ട് വരും. എന്നാൽ, കേരളത്തിലെ കർഷകർക്ക് കിട്ടുന്നത് നല്ല “താങ്ങ്” മാത്രം! ഒരൂ രൂപയും ഒന്നര രൂപയുമൊക്കെ താങ്ങുവില കൂട്ടിയ അവസരത്തിലും കേരള കർഷകർക്കു നയാപൈസയുടെ പ്രയോജനം കിട്ടുന്നില്ല എന്നതാണ് യാഥാർഥ്യം.
കേന്ദ്രം താങ്ങുവില കൂട്ടുന്പോൾ സംസ്ഥാന സർക്കാർ അതു കവർന്നെടുക്കുന്നതുകൊണ്ടാണ് കർഷകർക്കു പ്രയോജനം കിട്ടാത്തത്. താങ്ങുവില കൂടുന്പോൾ അതു കർഷകർക്കു ലഭ്യമാക്കാതെ സംസ്ഥാന സർക്കാരിന്റെ പ്രോത്സാഹനത്തുക ആനുപാതികമായി കുറയ്ക്കുന്നതാണ് രീതി.
പെട്രോൾ വില കുറയുന്പോൾ നികുതി കൂട്ടി ജനങ്ങൾക്കു കിട്ടേണ്ട ആനുകൂല്യം കവരുന്നെന്ന് കേന്ദ്രത്തെ കുറ്റം പറയുന്ന സംസ്ഥാന സർക്കാരാണ് കർഷകരുടെ ആനുകൂല്യം തന്ത്രത്തിൽ പോക്കറ്റിലാക്കുന്നത്.
വല്ലാത്ത പ്രോത്സാഹനം!
നെല്ലിന്റെ താങ്ങുവില കേന്ദ്ര സർക്കാർ 18.50 രൂപ പ്രഖ്യാപിച്ചിരുന്നപ്പോൾ സംസ്ഥാന സർക്കാരിന്റെ പ്രോത്സാഹന വിഹിതം 8.90 രൂപ ആയിരുന്നു. എന്നാൽസ കേന്ദ്രം ക്രമേണ താങ്ങുവില 23 രൂപയിൽ എത്തിച്ചപ്പോൾ സംസ്ഥാന സർക്കാർ പ്രോത്സാഹനം 8.90 രൂപയിൽനിന്ന് 5.20 രൂപയാക്കി കർഷകരെ “സഹായിച്ചു”.
വർഷങ്ങളായി 28 രൂപയ്ക്കു ചുറ്റുമായി തളയ്ക്കപ്പെട്ടിരിക്കുകയാണ് നെല്ലുവില. ഇങ്ങനെ കൈയിട്ടു വാരാതെ വന്നിരുന്നെങ്കിൽ കേരളത്തിലെ നെൽ കർഷകർക്ക് ഇന്നു നെല്ലിന് 31.90 രൂപയെങ്കിലും കിട്ടുമായിരുന്നു.
കാലിബറേഷൻ ചോദിക്കണം
നെല്ല് സംഭരിക്കുന്ന മില്ലുകാർക്കും അവരുടെ ഇടനിലക്കാർക്കും തീരെ ഇഷ്ടപ്പെടാത്ത ഒന്നാണ് കാലിബറേഷൻ സർട്ടിഫിക്കറ്റ്. ഇതെന്താണെന്നു കേരളത്തിലെ കർഷകരും പാടശേഖര സംഘങ്ങളും മനസിലാക്കി വരുന്നതേയുള്ളു.നെല്ലിന്റെ ഈർപ്പവും ശുദ്ധിയും പരിശോധിക്കുന്ന മോയിസ്ചർ മീറ്ററിന്റെ ഗുണമേന്മയും പ്രവർത്തനക്ഷമതയും കാണിക്കുന്ന സാക്ഷ്യപത്രമാണ് കാലിബറേഷൻ സർട്ടിഫിക്കറ്റ്.
മോയിസ്ചർ മീറ്ററിൽ കാണിക്കുന്ന ഈർപ്പവും ശുദ്ധിയും ശരിയോ എന്നു പരിശോധിക്കാൻ സാധാരണ കർഷകർക്കു നിർവാഹമില്ല. കൊണ്ടുവരുന്ന മീറ്ററിൽ കാണിക്കുന്നത് വിശ്വസിക്കുകയേ വഴിയുള്ളൂ.
എന്നാൽ, കാലിബറേഷൻ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മീറ്റർ കൃത്യമായി പ്രവർത്തിക്കുന്നതാണോയെന്ന് അറിയാൻ കഴിയും. കഴിഞ്ഞ കൊയ്ത്ത് കാലത്തു പാലക്കാട്ടെ കർഷകരിൽ ചിലർ ഈ സാക്ഷ്യപത്രം ചോദിച്ചു. ഇതോടെ ചില സ്ഥലങ്ങളിൽ കിഴിവ് എന്ന വാക്കുപോലും പറയാതെ നെല്ല് സംഭരിക്കുകയും ചെയ്തു.
കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ പാടശേഖരങ്ങൾക്കു മോയിസ്ചർ മീറ്റർ വാങ്ങി നൽകുകയും കാലിബറേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കുകയും ചെയ്താൽ ഈർപ്പം തട്ടിപ്പ് ഒരു പരിധിവരെ തടയാം. അതേസമയം, ചില ഇടങ്ങളിൽ കാലിബറേഷൻ സാക്ഷ്യപത്രം ആവശ്യപ്പെട്ട കർഷകരെ ഉദ്യോഗസ്ഥർത്തന്നെ നിരുത്സാഹപ്പെടുത്തിയതായും പരാതിയുണ്ട്.