ചെമ്പേരി: അസാധാരണമായ ഓർമശക്തിയും ബുദ്ധിവൈഭവവും പ്രകടമാക്കുന്ന അഞ്ചാം ക്ലാസുകാരിക്ക് ലഭിച്ച ആഗോളതല അംഗീകാരം മലയാളികൾക്ക് അഭിമാന നേട്ടമാകുന്നു. പതിനഞ്ച് വയസിൽ താഴെയുള്ള അതുല്യപ്രതിഭകളായ കുട്ടികൾക്കായി ഏർപ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ ബാലപ്രതിഭാ പുരസ്കാരം നേടിയ സേറ മരിയ ചാരിറ്റ് ആണ് ആഗോളതലത്തിൽ ശ്രദ്ധേയമാകുന്നത്. വയനാട് പുൽപ്പള്ളി സ്വദേശി ജോജോ ചാരിറ്റിന്റെയും കണ്ണൂർ ചന്ദനക്കാംപാറ സ്വദേശിനി ഡോ. ആൽഫി മൈക്കിളിന്റെയും മകളാണ് അജ്മാനിലെ ഹാബിറ്റാറ്റ് സ്കൂൾ വിദ്യാർഥിനിയായ സേറ.
ഇന്ത്യൻ സർക്കാർ, സിംഗപ്പൂർ പ്രസിഡന്റ്, ഓസ്കാർ അവാർഡ് ജേതാവ് എ.ആർ. റഹ്്മാന്, നൊബേൽ സമ്മാനവിജയി കൈലാസ് സത്യാർത്ഥി, കിരൺ ബേദി തുടങ്ങിയ പ്രമുഖരുടെ പിന്തുണയും നേട്ടത്തിനു പിന്നിലുണ്ട്. 2025ലെ ഗ്ലോബൽ ചൈൽഡ് പ്രൊഡിജി അവാർഡ്സിന്റെ സർട്ടിഫിക്കറ്റ് ഓഫ് അപ്രിസിയേഷൻ ലഭിച്ച സേറ മരിയ ചാരിറ്റ് അഞ്ചാം വയസിൽ ആദ്യമായി ഇന്ത്യ ബുക്ക് ഓഫ് റിക്കാര്ഡ്സും ഏഷ്യാ ബുക്ക് ഓഫ് റിക്കാര്ഡ്സും സ്വന്തമാക്കിയിരുന്നു. ചരിത്രത്തിൽ ആദ്യമായി ബ്രിട്ടീഷ് പാർലമെന്റിലാണ് ഗ്ലോബൽ ചൈൽഡ് പ്രൊഡിജി അവാർഡ്സിന് വേദിയായത്.
നൂറ്റിമുപ്പതിലേറെ രാജ്യങ്ങളിൽ നിന്നുള്ള നിരവധി നാമനിർദ്ദേശങ്ങൾ വിലയിയിരുത്തി ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് അംഗീകാരം നൽകുന്നത്. ഇന്റലിജൻസ് മെമ്മറി ആൻഡ് ഐക്യു വിഭാഗത്തിലാണ് സേറ അപ്രിസിയേഷന് അർഹയായത്. ഈ വർഷം തന്നെ ഇന്റലിജൻസ് മെമ്മറി ആൻഡ് ഐക്യു വിഭാഗത്തിൽ ഇന്റർനാഷണൽ സ്റ്റാർ കിഡ്സ് അവാർഡ്സിന്റെ സ്റ്റാർ അച്ചീവർ അവാർഡും ഇഐ അസറ്റ് ടാലന്റ്സെർച്ച് യുഎഇയിൽ നടത്തിയ പരീക്ഷയിൽ ഗോൾഡ് സ്കോളർ അവാർഡും ഗോൾഡ് മെഡലും ഈ പത്തു വയസുകാരി നേടിയിരുന്നു.
ഒരു വയസ് പൂർത്തിയാകുന്നതിനു മുമ്പേ സംസാരിച്ചു തുടങ്ങിയ സേറ തന്റെ മുന്നിൽ കാണുന്നതിലെല്ലാം സംശയം ചോദിച്ചുകൊണ്ടാണ് അറിവിന്റെ ലോകത്തേക്കു പിച്ചവച്ചത്. രണ്ടര വയസായപ്പോൾ 110 രാജ്യങ്ങളുടെ പേരും പതാകകളും നാലാം വയസിൽ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, എല്ലാ പ്രധാനമന്ത്രിമാരുടെയും രാഷ്ട്രപതിമാരുടെയും പേരുകൾ, യുഎൻ സെക്രട്ടറി ജനറൽമാരുടെ പേരുകൾ, കേരളത്തിലെ പതിനാല് ജില്ലകൾ എന്നിവ തെറ്റുവരുത്താതെ പറഞ്ഞിരുന്നു.
ഇതുവരെ ചന്ദ്രനിൽ കാലുകുത്തിയവരുടെ പേരുകളും അവർ ചന്ദ്രനിലിറങ്ങിയ വർഷവും ഉൾപ്പെടെ മനഃപാഠമാണ്. കണ്ണുകൾ മൂടിക്കെട്ടി ഇവരുടെയെല്ലാം പേരും വർഷവും 46 സെക്കൻഡിനുള്ളിൽ പറഞ്ഞുകൊണ്ടാണ് അഞ്ചാമത്തെ വയസിൽ ആദ്യമായി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും സേറ ഇടം നേടുന്നത്.
പിന്നീട് വിവിധയിനം ദിനോസറുകളുടെ പേരുകൾ വേഗത്തിൽ പറഞ്ഞും അവയുടെ ഫോസിലുകൾ കണ്ട് തിരിച്ചറിഞ്ഞും സമുദ്രജീവികളെ വിവരിച്ചുമാണ് തുടർന്ന് ആറു തവണ ഇന്ത്യ ബുക്ക് ഓഫ് റിക്കാര് ഡ്സിലും അഞ്ച് തവണ ഏഷ്യ ബുക്ക് ഓഫ് റിക്കാര്ഡ്സിലും സെറ പേര് നിലനിർത്തിയത്. യുഎഇയിലെ നിരവധി വേദികളിൽ കഴിവുകൾ അവതരിപ്പിച്ച സേറ ഏവരുടേയും പ്രശംസ നേടുകയുണ്ടായി. പുസ്തകങ്ങളാണു സേറയുടെ കൂട്ടുകാർ.
കോവിഡ് നാളുകളിൽ എല്ലാവരും വീടുകളിൽ ഒതുങ്ങിക്കഴിയേണ്ട അവസ്ഥ വന്നപ്പോൾ സേറ ദിനോസറുകളെ സംബന്ധിച്ച പഠനത്തിലായിരുന്നു. ആറാം വയസിൽ ലണ്ടനിലെ വേൾഡ് റിക്കാര്ഡ് യൂണിവേഴ്സിറ്റിയിൽനിന്ന് റെക്കോർഡ് ബ്രേക്കിംഗിൽ ഗ്രാൻഡ്മാസ്റ്റർ പദവിയും നേടി. ഫോസിലുകളെ സംബന്ധിച്ച പഠനമായ പാലിയന്റോളജിയാണ് സേറയുടെ ഇഷ്ടവിഷയം. ദിനോസറുകളുടെ കഥകളും അവയുടെ വിവരണങ്ങളും ഉൾപ്പെടുത്തിയുള്ള ഒരു പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ കൊച്ചുമിടുക്കി.
ബേബി സെബാസ്റ്റ്യൻ