പഴയിടം: പൂതക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭക്തർക്കു പ്രിയപ്പെട്ടവനായി അമ്പാടി എന്ന മൂരിക്കിടാവെത്തി. ഒരു ഭക്തൻ നടയ്ക്കിരുത്തിയ പുങ്കന്നൂർ കുള്ളൻ ഇനത്തിൽപെട്ട മൂരിക്കിടാവിനെ അമ്പാടി എന്ന പേരിട്ട് ഭഗവാന്റെ സന്നിധിയിലേക്ക് സ്വീകരിച്ചു.
പഴയിടം ആറ്റുപുറത്ത് ഭാസ്കരൻ നായരാണ് മൂരിക്കിടാവിനെ സമർപ്പിച്ചത്. ഏഷ്യയിലെ പൊക്കം കുറഞ്ഞ നാടൻ ഇനത്തിൽപെട്ട മൂരിക്കിടാവാണിത്. പ്രത്യേക വഴിപാടായി ഇതിനെ വാങ്ങി സമർപ്പിക്കുകയായിരുന്നു.
ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ പുങ്കന്നൂർ താലൂക്കിലും സമീപ പ്രദേശങ്ങളിലും മാത്രം കണ്ടുവരുന്നതിനാലാണ് ഈയിനം പശുക്കൾക്കും മൂരിക്കിടാവുകൾക്കും പുങ്കന്നൂർ കുള്ളൻ എന്ന പേര് പതിഞ്ഞത്.
ദേവസ്വം പ്രതിനിധികളായ എൻ.പി. ശശിധരൻനായർ, രഞ്ജിത് എസ്. നായർ, പ്രതീഷ് മുണ്ടപ്ലാവിൽ, ഹരികൃഷ്ണൻ ശ്രീകുമാർ, അർജുൻ തട്ടാരാത്ത്, സതീശൻ പാലമറ്റം എന്നിവർ ചേർന്ന് അമ്പാടിയെ സ്വീകരിച്ചു.
മേൽശാന്തി സുജിത്ത് നാരായണൻ നമ്പൂതിരി പൂജ നടത്തി മാല അണിയിച്ചു. ക്ഷേത്രസന്നിധിയിൽ അമ്പാടിയെ പരിപാലിക്കാനാണ് തീരുമാനം. സുരേഷ് അമ്പഴത്തിനാൽ എന്നയാൾ അമ്പാടിക്കായി കൂടു നിർമിച്ചുനൽകും.