പണം ആണോ ആരോഗ്യമാണോ വേണ്ടതെന്ന് ചോദിച്ചാൽ ആരോഗ്യം മതിയെന്നുതന്നെയാണ് എല്ലാവരുടേയും മറുപടി. മാസം 60,000 രൂപ ശന്പളം കിട്ടുന്ന ജോലി വേണ്ടന്ന്വച്ച 22-കാരിയായ ഉപാസന യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച.
ഇൻസ്റ്റാഗ്രാം റീൽസിലൂടെയാണ് താൻ ഇത്രയും ശന്പളമുള്ള ജോലി ഉപേക്ഷിച്ച കാരണം യുവതി വ്യക്തമാക്കിയത്. സാന്പത്തിക നേട്ടത്തേക്കാൾ താൻ സ്വന്തം ആരോഗ്യമാണ് നോക്കുന്നത്. ഓഫീസിലെ ഏറെ വൈകിയുള്ള ഷിഫ്റ്റ് കാരണം പല ആരോഗ്യ പ്രശ്നങ്ങളും യുവതിയെ അലട്ടുന്നു. തലവേദന, പുറം വേദന, മൈഗ്രേൻ, സന്ധി വേദന അങ്ങനെ നീളുന്നു അസുഖത്തിന്റെ നീണ്ട നിര.
22ാം വയസിൽ സാന്പത്തികമായി അടിത്തറ ഉണ്ടാക്കി. എങ്കിലും ഇത്രയും ചെറിയ പ്രായത്തിൽത്തന്നെ ഇത്രമേൽ ആരോഗ്യ പ്രശ്നങ്ങളുടെ ഒരു കൂടാരംതന്നെ താനിന്ന് ആയിത്തീർന്നു എന്നാണ് യുവതി പറയുന്നത്.
യുവതി വീഡിയോ പങ്കുവച്ചതിനു പിന്നാലെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ഇത്രയും ചെറിയ പ്രായത്തിൽ സാന്പത്തികമായി ഉന്നതി ഉണ്ടായിട്ടും ജോലി കളഞ്ഞതിനെ ചിലരൊക്കെ വിമർശിച്ചു. എന്നാൽ സ്വന്തം ആരോഗ്യമാണ് വലുത് പണം പിന്നീടും ഉണ്ടാക്കാം ആദ്യം ആരോഗ്യം വീണ്ടെടുക്കാനുള്ള വഴി നോക്ക് എന്നാണ് മറ്റൊരു കൂട്ടർ പറഞ്ഞത്.