കൊച്ചി: ഭൂട്ടാന് വാഹന കടത്ത് സംഭവത്തില്‍ താരങ്ങളെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). നടന്മാരായ ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ് സുകുമാരന്‍, അമിത് ചക്കാലയ്ക്കല്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കും. ഇന്നലെ നടന്ന പരിശോധനകളില്‍ ലഭിച്ച വിവരങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാകും ചോദ്യം ചെയ്യല്‍ നപടികളിലേക്ക് കടക്കുക. ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം ഹാജരാക്കാന്‍ താരങ്ങളോട് നിര്‍ദേശിക്കും.
നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് വാഹനങ്ങള്‍ എത്തിച്ചതിലെ സാമ്പത്തിക ഇടപാടുകളില്‍ ഹവാല നെറ്റ്വര്‍ക്കിന്റെ സാന്നിധ്യമാണ് ഇഡി പരിശോധിക്കുന്നത്. വാഹനം ഇത്തരത്തില്‍ എത്തിച്ചവയാണെന്ന് താരങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നതായാണ് ഇഡി സംശയിക്കുന്നത്.
ഈ കാര്യങ്ങളിലടക്കം ചോദ്യം ചെയ്യലില്‍ വ്യക്തത തേടും. ഇന്നലെ നടന്ന റെയ്ഡില്‍ ലഭിച്ച രേഖകളും വിവരങ്ങളും പരിശോധിച്ച ശേഷമായിരിക്കും തുടര്‍നീക്കം. ഇതിനായി ഇഡി കൊച്ചി യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം ഇന്ന് യോഗം ചേരുമെന്നാണ് വിവരം.
ദുല്‍ഖര്‍ സല്‍മാനില്‍ നിന്ന് ഉള്‍പ്പെടെ ലഭിച്ച മൊഴികളും സംഘം ഇന്ന് പരിശോധിക്കും. ഇതിന് ശേഷമാകും കേസില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യുക. ദുല്‍ഖര്‍ ഉള്‍പ്പെടെയുള്ളവര്‍ ഫെമ ചട്ടം ലംഘിച്ചുവെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തല്‍. ഫെമ ചട്ടത്തിലെ 3,4,8 വകുപ്പുകളുടെ ലംഘനം നടന്നിട്ടുണ്ട് എന്നാണ് വിവരം.
സംശയം നീളുന്നത് കോയമ്പത്തൂര്‍ സംഘത്തിലേക്ക്
കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള സംഘം വഴി ഹവാല ഇടപാടുകള്‍ നടന്നുവെന്നാണ് ഇഡിയുടെ സംശയം. ഇവിടെ വാഹന ഇടപാട് നടത്തുന്ന ഇത്തരം സംഘം ഉള്ളതായി നടന് അമിത് ചക്കാലയ്ക്കല്‍ സ്ഥിരീകരിച്ചിരുന്നു.
ഇവര്‍ കേരളത്തില്‍ ഇടനിലനിന്ന് വാഹനങ്ങള്‍ വിറ്റഴിച്ചതായും വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ ആര്‍മിയുടെയും യുഎസ് എംബസിയുടെയും രേഖകള്‍ സംഘം വ്യാജമായി നിര്‍മിച്ചുവെന്നും ഈ രേഖകള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ വില്‍പ്പന നടത്തിയെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.
13 മണിക്കൂറോളം നീണ്ട പരിശോധന
ഇഡി കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 17 ഇടങ്ങളില്‍ ഇന്നലെ ഒരേസമയം നടന്ന മിന്നല്‍ പരിശോധന നീണ്ടത് മണിക്കൂറുകളോളം. നടന് ദുല്‍ഖറിന്റെ എളംകുളത്തെ വീട്ടില്‍ 13 മണിക്കൂറുകള്‍ക്ക് ശേഷമാണ് പരിശോധനകള്‍ പൂര്‍ത്തിയാക്കി ഇഡി ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
വാഹനങ്ങളുടെ രേഖകള്‍, ഉടമസ്ഥ വിവരങ്ങള്‍, പണം നല്കിയ രീതി തുടങ്ങിയ വിവാദങ്ങളാണ് ഇഡി നടനില്‍ നിന്നും തേടിയത്. ഇന്നലെ രാവിലെ ഏഴ് മണിമുതലാണ് കേരളത്തിലും തമിഴ്നാട്ടിലുമായി 17 കേന്ദ്രങ്ങളിലായി ഒരേസമയം ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചത്. ദുല്‍ഖറിന് പുറമെ നടന്മാരായ പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലും വിവിധ കാര്‍ ഷോറൂമുകളിലും ഉള്‍പ്പെടെ ഇഡി പരിശോധന നടത്തി.
വാഹനം എത്തിച്ചത് നടപടിക്രമങ്ങള്‍ പാലിച്ചെന്ന് ദുല്‍ഖര്‍
കസ്റ്റംസ് പിടിച്ചെടുത്ത തന്റെ വാഹനങ്ങള്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കേരളത്തിലെത്തിച്ചിട്ടുള്ളതെന്ന് നടന് ദുല്‍ഖര്‍ ഇഡി ഉദ്യോഗസ്ഥരെ അറിയിച്ചു.
ഇതിന്റെ രേഖകളും ദുല്‍ഖര്‍ ഹാജരാക്കിയതായാണ് വിവരം. വാഹനത്തിന്റെ മുമ്പുള്ള ഉടമസ്ഥനെ അറിയില്ല. ഇവ ഭൂട്ടാനനില് നിന്ന് ഇത്തരത്തില്‍ എത്തിച്ചവയാണെന്ന് അറിയില്ലായിരുന്നു എന്നുമാണ് ദുല്‍ഖര്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ദുല്‍ഖറിനടക്കം എല്ലാവര്ക്കും ഇതേക്കുറിച്ച് അറിയാമായിരുന്നതായാണ് ഇഡി സംശയിക്കുന്നത്.