തിരുവനന്തപുരം: ഒറ്റയും കൂട്ടവുമായുള്ള ചുവടുകള്‍ കാട്ടി കളരിപ്പയറ്റിലെ ഉണ്ണിയാര്ച്ചായിയ ഗോപിക. സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ കളരിപ്പയറ്റ് മത്സരത്തിലെ സീനിയര്‍ പെണ്‍കുട്ടികളുടെ ചുവടില്‍ തലസ്ഥാന ജില്ലയിലെ കരമന ഗവണ്മെന്റ് ഗോള്‍സ് സ്കൂളിലെ ഗോപിക എസ്. മോഹന്‍ സ്വര്‍ണം നേടി. കഴിഞ്ഞ എട്ടു വര്‍ഷമായി കളരിയഭ്യസിക്കുന്ന ഗോപിക നാഷണല്‍ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് തവണ ചുവടിനു പുറമേ ഉറുമി, വാള് വിഭാഗങ്ങളിലും സ്വര്‍ണം നേടിയിട്ടുണ്ട്.
എഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ നേമം അഗസ്ത്യം കളരിയിലെ ഡോ. എസ്. മഹേഷ് ഗുരുക്കളാണ് ഗോപികയിലെ കളരിവൈഭവം കണ്ടെത്തിയത്. തുടര്‍ച്ചയായ പരിശീലനത്തിലൂടെ ഗോപിക മികച്ച കളരി അഭ്യാസിയായി മാറി. കഴിഞ്ഞ വര്‍ഷം തലശേരിയില്‍ നടന്ന പൊന്ന്യം തങ്കം കളരി പ്രദര്‍ശനത്തിലെ അഭ്യാസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കേരള ഫോക്ലോര് അക്കാദമിയുടെ ഉണ്ണിയാര്‍ച്ച പുരസ്കാരവും ഗോപികയ്ക്കു ലഭിച്ചിട്ടുണ്ട്. നേമം പ്രാവച്ചമ്പലം മീനൂട്ടി ഭവനില്‍ മോഹനകുമാറിന്റെയും സജിത ടീച്ചറുടെയും മകളാണ്.

