ഒരിക്കൽ നമ്മുടെ കർഷകർ വന്യജീവികളെ ഭയക്കാതെ പണിയെടുക്കുകയും പ്രാണഭയമില്ലാതെ കിടന്നുറങ്ങുകയും ചെയ്യും. അവരുടെ വിളകൾക്ക് അധ്വാനത്തിനൊത്ത ഫലം കിട്ടും. വനംവകുപ്പ് ഉദ്യോഗസ്ഥരെ ജനദ്രോഹികളാകാൻ അനുവദിക്കാത്ത സർക്കാർ വരും. തെരുവുകളിൽ അലഞ്ഞുതിരിയുന്ന നായകളുണ്ടാകില്ല. വഴികളും പുഴകളും പ്ലാസ്റ്റിക്കും മാലിന്യങ്ങളും നിറഞ്ഞതായിരിക്കില്ല. മാലിന്യം തരംതിരിച്ചു നിക്ഷേപിക്കാൻ വീടുകൾക്കടുത്തു സ്ഥിരം സംവിധാനമുണ്ടാകും.
അവ അന്നന്നു നിർമാർജനം ചെയ്യും. വിനോദസഞ്ചാരികൾ വൃത്തികെട്ട കാഴ്ചകൾ കാണേണ്ടിവരില്ല. സ്ത്രീകൾ ഉൾപ്പെടെ ആരും ക്രിമിനലുകളെയും മയക്കുമരുന്നടിമകളെയും ഭയന്ന് ഓടിയൊളിക്കില്ല. സർവകലാശാലകൾ രാഷ്ട്രീയ കുറ്റവാളികളുടെ നിയന്ത്രണത്തിലായിരിക്കില്ല. വിദ്യാർഥികൾ പഠിക്കാൻ നാടു വിടില്ല. പിൻവാതിൽ നിയമനങ്ങൾ പഴങ്കഥകളായി മാറും. അക്കാലത്ത് സർക്കാരുകൾ വർഗീയത വളർത്തില്ല. രാഷ്ട്രീയക്കാർ വോട്ടിനുവേണ്ടി വർഗീയതയുടെയും തീവ്രവാദത്തിന്റെയും പ്രായോജകരാകാതെ വികസനത്തിലൂന്നിയ പ്രചാരണം മാത്രം നടത്തും.
അവർ വർഗീയ സംഘടനകളെ തള്ളിപ്പറയും. സമൂഹമാധ്യമങ്ങൾ വെറുപ്പുത്പാദന കേന്ദ്രങ്ങളാകില്ല. ആദിവാസികളും ദളിതരും ഒരു വിവേചനവും അനുഭവിക്കില്ല. അഴിമതിക്കാർക്ക് ഭരണകർത്താക്കളോ ഉദ്യോഗസ്ഥരോ ആകാനാകില്ല… തുടങ്ങിയ കാര്യങ്ങൾ ഇന്നു ചിന്തിക്കാനാകില്ല. പക്ഷേ, മാറിമാറി വന്ന ഭരണകൂടങ്ങൾ കെട്ടിത്താഴ്ത്തിയ പടുകുഴിയിൽനിന്ന് ഒരിക്കൽ നാം കര കയറും. അതിനായി സമയബന്ധിതമായി പ്രയത്നിക്കുമെന്ന് പ്രതിജ്ഞയെടുക്കാനുള്ള ദിവസമാണിന്ന്; 70-ാമതു കേരളപ്പിറവിദിനം.
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിച്ചതിന്റെ ഭാഗമായി തിരുവിതാംകൂറും കൊച്ചിയും മലബാറും ചേർന്ന് 1956 നവംബർ ഒന്നിനു കേരള സംസ്ഥാനം പിറന്നു. രാജാക്കന്മാരെ സ്ഥാനഭ്രഷ്ടരാക്കി ജനാധിപത്യ ഭരണകൂടങ്ങൾ യാഥാർഥ്യമായി. നാലു മാസത്തിനകം, 1957 ഫെബ്രുവരി 28ന് ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്നു. ഇഎംഎസിന്റെ നേതൃത്വത്തിൽ ഇടതുപക്ഷ സർക്കാർ അധികാരത്തിലെത്തി. ഇടതും വലതുമായി 23 സർക്കാരുകൾ മാറിമാറി ഭരിച്ചു.
എന്നിട്ടും സ്വപ്നമായി അവശേഷിക്കുന്ന ചില കാര്യങ്ങളാണ് മുകളിൽ പറഞ്ഞത്. അവയെക്കുറിച്ചാണ് മാധ്യമങ്ങൾ ഏറ്റവും കൂടുതൽ മുഖപ്രസംഗങ്ങളെഴുതിയത്. അവ പരിഹരിക്കുമെന്ന നുണകൾ പറഞ്ഞാണ് പാർട്ടികൾ തെരഞ്ഞെടുപ്പുകളെ നേരിടുന്നത്. പക്ഷേ, അവ സമയബന്ധിതമായി നടപ്പാക്കാൻ ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ ഇല്ലാതെപോയി. ജനാധിപത്യ-മതേതര സംരക്ഷണവും വികസന ആസൂത്രണങ്ങളും ഭരണ-പ്രതിപക്ഷങ്ങളെ ഏൽപ്പിച്ച് ജനം വിമർശകരായി മാറിനിന്നു. നീറുന്ന വിഷയങ്ങളിൽപോലും കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരി കെടുകാര്യസ്ഥതയുടെ ചുമതല തങ്ങൾക്കല്ലെന്നു ന്യായീകരിച്ചു. അങ്ങനെ 70 കേരളപ്പിറവിദിനങ്ങൾ!
വീണ്ടുമൊരു തെരഞ്ഞെടുപ്പിന്റെ ആരവത്തിലേക്കു കേരളം ചുവടുവയ്ക്കുകയാണ്. വോട്ടർപട്ടികയിൽ പേരു ചേർക്കുന്നിടം മുതൽ ജനം ഉത്തരവാദിത്വം നിറവേറ്റേണ്ടതുണ്ട്. മുകളിൽ പറഞ്ഞതുൾപ്പെടെയുള്ള വിഷയങ്ങളിലൂന്നി, വരുന്ന തെരഞ്ഞെടുപ്പെങ്കിലും നടത്താനായില്ലെങ്കിൽ കേരളപ്പിറവി ആഘോഷിച്ചുകൊണ്ടിരിക്കും; നവകേരളം പിറക്കില്ല. വാഗ്ദാനങ്ങൾ നടപ്പാക്കാൻ സമയം നിശ്ചയിക്കാത്ത പ്രകടനപത്രികകളെല്ലാം വഞ്ചനയുടെ വിലകെട്ട കടലാസുകളാണെന്നു തിരിച്ചറിയണം.
ഉദാഹരണത്തിന്, സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ദുരന്തമായി മാറിയ വന്യജീവിശല്യം എന്നു പരിഹരിക്കുമെന്ന് പാർട്ടികൾ പറയട്ടെ. യഥാർഥ തടസമായ, കാലഹരണപ്പെട്ട 1972ലെ വനം-വന്യജീവി സംരക്ഷണ നിയമത്തെക്കുറിച്ചുള്ള നിലപാട് മുന്നണികൾ വിശദീകരിക്കട്ടെ. സംസ്ഥാന നേതാക്കളും ദേശീയ നേതാക്കളും രണ്ടു വർത്തമാനം പറയുന്ന കാപട്യം അവസാനിപ്പിക്കണം. ഭരണകാലാവധി കഴിയാറാകുന്പോൾ വന്യജീവി ശല്യം പരിഹരിക്കാനിറങ്ങുന്ന തെരഞ്ഞെടുപ്പു പൊറാട്ടുനാടകവും അനുവദിക്കരുത്.
വന്യജീവി-തെരുവുനായ വിഷയങ്ങളിൽ കേന്ദ്രമാണ് തീരുമാനമെടുക്കേണ്ടതെങ്കിൽ തങ്ങൾക്കതിനു കഴിവില്ലെന്ന് തെരഞ്ഞെടുപ്പിനു മുന്പേ പറയട്ടെ. നിയമസഭയിലും പാർലമെന്റിലും പാർട്ടികൾക്കു രണ്ടു നിലപാട് പാടില്ല. നാടിനെ വിഴുങ്ങുന്ന വർഗീയ-തീവ്രവാദ വിഷയങ്ങളിൽ തെരഞ്ഞെടുപ്പിനു മുന്പ് മുന്നണികൾ അഭിപ്രായം പറയട്ടെ. സമ്മതിദായകർക്കു തീരുമാനം എടുക്കാമല്ലോ. മുഖംമൂടികൾ കീറേണ്ടതു ജനമാണ്.
കേരളത്തിന്റെ സാന്പത്തികനില മെച്ചപ്പെടുത്താനുള്ള പദ്ധതി മുന്നണികൾ പ്രഖ്യാപിക്കട്ടെ. അഴിമതിയും ധൂർത്തും നടത്തുന്ന ഭരണകൂടങ്ങൾ വരുത്തുന്ന കടത്തിനു പലിശയടയ്ക്കാനല്ല ജനം പണിയെടുക്കുന്നത്. സാന്പത്തിക വിദഗ്ധരെ ഉൾപ്പെടുത്തി വ്യക്തമായൊരു സാന്പത്തിക നയം പ്രഖ്യാപിക്കണം. കഴിവുകെട്ട രാഷ്ട്രീയക്കാരിൽനിന്ന് ആസൂത്രണങ്ങളെല്ലാം മാറ്റണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് രാഷ്ട്രീയ കുടിയാന്മാരെ ആട്ടിപ്പായിച്ച് വിദ്യാഭ്യാസ വിചക്ഷണരെ ഏൽപ്പിക്കണം. അഴിമതിക്കാരെന്നു തെളിയിക്കപ്പെട്ട ഉദ്യോഗസ്ഥരെ ജോലിയിൽ തുടരാൻ അനുവദിക്കരുത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് ആദ്യം. മാലിന്യ നിർമാർജനത്തിന്റെ പരീക്ഷണങ്ങളൊന്നും വിജയിച്ചിട്ടില്ല. മാസത്തിലൊരിക്കൽ പ്ലാസ്റ്റിക് പെറുക്കിയാലൊന്നും കേരളം വൃത്തിയാകില്ല. വീടുകൾക്കടുത്തു വിവിധ മാലിന്യങ്ങൾ തരംതിരിച്ചു നിക്ഷേപിക്കാനുള്ള സംഭരണികളും അവ അന്നന്നു ശേഖരിക്കാനുള്ള സംവിധാനവും എന്നുണ്ടാകുമെന്നു പറയട്ടെ. അവസാനത്തെ തെരുവുനായയെ വരെ മാറ്റുന്ന തീയതി പറയട്ടെ.
കേരളത്തിന്റെ പ്രശ്നങ്ങൾ നമുക്കറിയാം. 70 കൊല്ലമായിട്ട് അതിലേറെയും പരിഹരിക്കാനായിട്ടില്ലെന്നുമറിയാം. എന്നു പരിഹരിക്കുമെന്നു പറയാത്തതാണ് പ്രധാന കാരണം. എന്നു നടപ്പാക്കുമെന്നു പറഞ്ഞ് ഉത്തരവാദപ്പെട്ടവർ ഒപ്പുവയ്ക്കാത്ത പ്രകടനപത്രികകൾ അറബിക്കടലിലെറിയാൻ സമയമായി. അഴിമതിക്കാരും കഴിവുകെട്ടവരുമായ ഭരണാധികാരികൾ കസേരയിൽ സ്വയം കയറിയിരുന്നതല്ല. പ്രസംഗങ്ങളും പ്രകടനപത്രികകളും വിശ്വസിച്ച ജനം കയറ്റിയിരുത്തിയതാണ്.
ഒരു വോട്ട് ചെയ്ത് പ്രശ്നപരിഹാരമെല്ലാം ജനപ്രതിനിധികളെ ഏൽപ്പിച്ച് റീൽസും കണ്ടിരിക്കുന്ന നമുക്കു തെറ്റു തിരുത്താനുള്ള സമയമാണ് തെരഞ്ഞെടുപ്പുകൾ. അതുകഴിഞ്ഞാൽ അഞ്ചു വർഷത്തെ നിസഹായാവസ്ഥയാണ്. ഞങ്ങളതു ചെയ്യുമെന്നു പറയുന്ന നേതാക്കളെക്കൊണ്ട് എന്നു ചെയ്യുമെന്നു പറയിക്കാനായാൽ പുതിയൊരു കേരളം പിറക്കും. സ്ഥാനാർഥികളുടെ കക്ഷിരാഷ്ട്രീയമല്ല, സമ്മതിദായകരുടെ രാഷ്ട്രീയബോധമാണ് ജനാധിപത്യത്തെ നിർവചിക്കേണ്ടത്. സ്വാതന്ത്ര്യസമരാനന്തരം ജനം വിട്ടുകൊടുത്ത അധികാരം, ദുഷിപ്പിച്ചവരിൽനിന്നു തിരിച്ചുപിടിക്കാൻ സമയമായി.
