ഒരു വ്യാജൻ പോയ പോക്കേ..! കേരളത്തിൽ പ്രചരിച്ച വ്യാജചിത്രം ഉപയോഗിച്ച് ദേശീയതലത്തിൽ ബിജെപി കാമ്പയിൻ; ഡൽഹിയിലെ ഒരുലക്ഷത്തോളം കാറുകളിലും ബൈക്കുകളിലും ഈ സ്റ്റിക്കർ പതിപ്പിക്കുമെന്ന്

ശബരിമല വിഷയത്തിൽ കേരള സർക്കാരിനും പോലീസിനുമെതിരേ കേരളത്തിൽ പ്രചരിച്ച വ്യാജചിത്രം ദേശീയ തലത്തിൽ ബിജെപി കാമ്പയിന് ഉപയോഗിക്കുന്നു. ഒരു അയ്യപ്പഭക്തന്‍റെ നെഞ്ചിൽ പോലീസ് ചവിട്ടുന്നതായി ചീത്രീകരിച്ച ഫോട്ടോഷൂട്ട് ചിത്രമാണ് ദേശീയതലത്തിൽ സേവ് ശബരിമല എന്ന കാമ്പയിന് ഉപയോഗിക്കുന്നത്. ആർഎസ്എസ് പ്രവർത്തകന്‍റെ ഈ ചിത്രം നേരത്തെ മുതൽ വടക്കേ ഇന്ത്യയിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു.

ബിജെപി ഡൽഹി വക്താവ് തജീന്ദർപാൽ സിംഗ് ബഗ്ഗയുടെ നേതൃത്വത്തിൽ ഞായറാഴ്ച ഡൽഹിയിൽ നടന്ന പരിപാടിയിൽ ഈ ചിത്രം ഉൾപ്പെടുത്തി സേവ് ശബരിമല എന്ന പേരിൽ പോസ്റ്ററുകൾ പുറത്തിറക്കിയിരുന്നു.

100 കോടി ഹിന്ദുക്കളുടെ വിശ്വാസത്തെ മര്‍ദ്ദിക്കുന്നത് അവസാനിപ്പിക്കൂ എന്ന കുറിപ്പോടെയാണ് ചിത്രം പ്രചരിപ്പിക്കുന്നത്. ബഗ്ഗയുടെ ട്വിറ്ററിൽ ആയിരക്കണക്കിന് ആളുകൾ ഈ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. മോദിയെയും അമിത് ഷായേയും ബഗ്ഗ ആ ചിത്രത്തിൽ ടാഗ് ചെയ്തിട്ടുണ്ട്. ഡൽഹിയിലെ ഒരുലക്ഷത്തോളം കാറുകളിലും ബൈക്കുകളിലും ഈ സ്റ്റിക്കർ പതിപ്പിക്കുമെന്നാണ് വിവരം.

ചിത്രം ഫോട്ടോഷൂട്ടാണെന്ന് തേജീന്ദര്‍ പാലിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പ്രതീകാത്മക ചിത്രമായാണ് ഉപയോഗിച്ചതെന്നും ഇത് സ്റ്റിക്കറില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നുമാണ് അദ്ദേഹത്തിന്‍റെ വിശദീകരണം.

ശബരിമലയില്‍ വ്യാജപ്രചരണം നടത്തി കലാപത്തിന് ആസൂത്രണം ചെയ്‌തെന്ന പരാതിയില്‍ ചിത്രമെടുത്ത ആര്‍എസ്എസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നിരുന്നാലും ചിത്രത്തിന് വടക്കേ ഇന്ത്യയിൽ വൻ പ്രചാരമാണുള്ളത്. ഡല്‍ഹി ആം ആദ്മി പാര്‍ട്ടി വിമത എംഎല്‍എയായ കപില്‍ മിശ്ര അടക്കമുളളവര്‍ ചിത്രം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ശബരിമല വിഷയത്തിൽ കേരളത്തിനു പുറത്തും വ്യാജപ്രചാരണങ്ങൾ ശക്തമാകുമെന്നതിന്‍റെ സൂചനയാണ് ഈ ചിത്രം നല്കുന്നത്.

Related posts