കൊച്ചി: യുവജനങ്ങളില്‍ പുകയില ഉപയോഗം തടയുകയും ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം രാജ്യവ്യാപകമായി നടത്തുന്ന ടുബാക്കോ ഫ്രീ യൂത്ത് കാമ്പയിന് 3.0′ പ്രവര്‍ത്തനങ്ങളും ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിന്റെ പ്രശ്നം പരിഹരിക്കുന്നതിനും മയക്കുമരുന്ന് രഹിത സമൂഹം സൃഷ്ടിക്കുന്നതിനുമായി നടത്തുന്ന നാഷാ മുക്ത് ഭാരത് അഭിയാന് (എന്‍എംബിഎ) പ്രവര്‍ത്തനങ്ങളും സംയോജിപ്പിച്ച് കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിവിധങ്ങളായ അവബോധ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. എഫ്എന്എച്ച് ഡബ്ല്്യൂ (ഫുഡ് ന്യൂട്രീഷന്‍ ഹെല്‍ത്ത് വാഷ് – ഭക്ഷണം പോഷണം ആരോഗ്യം ശുചിത്വം) എന്ന പദ്ധതി പ്രകാരമാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ഐഇസി മെറ്റീരിയലുകള്‍ ഉപയോഗിച്ചുള്ള പ്രചരണങ്ങള്‍, ജില്ലാ സിഡിഎസ്, എഡിഎസ്, അയല്‍ക്കൂട്ട തലങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍, പ്രതിജ്ഞ, റാലികള്‍, പ്രസംഗങ്ങള്‍, മത്സരങ്ങള്‍, ലഹരി വിരുദ്ധ പ്രദര്‍ശനങ്ങള്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും സോഷ്യല്‍ മീഡിയയും ഉപയോഗിച്ചുള്ള പ്രചാരണം മുതലായ പരിപാടികള്‍ സംഘടിപ്പിക്കും. ലഹരിയില്‍ നിന്നും മോചിതരാകുന്നതിന് കുടുംബശ്രീയുടെ സ്നേഹിതയുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം

