തിരുവനന്തപുരം: ഡിജിറ്റൽ തട്ടിപ്പുകൾക്കതിരേ ഉപഭോക്താക്കളിൽ അവബോധം വളർത്താൻ ലക്ഷ്യമിട്ട് നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) രംഗത്ത്. നിയമപാലകരായി ചമഞ്ഞ് പണം തട്ടിയെടുക്കുന്ന ‘ഡിജിറ്റൽ അറസ്റ്റ്’ ഉൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ മാർഗനിർദേശങ്ങളുമായി എൻപിസിഐ രംഗത്തുവന്നിരിക്കുന്നത്.
പോലീസ്, സിബിഐ, ആദായനികുതി ഉദ്യോഗസ്ഥർ, കസ്റ്റംസ് ഏജന്റുമാർ തുടങ്ങിയ സർക്കാർ ഏജൻസികളെ പ്രതിനിധീകരിക്കുന്നതായി അവകാശപ്പെട്ട് ആരെങ്കിലും ബന്ധപ്പെട്ടാൽ ജാഗ്രത പാലിക്കാൻ എൻപിസിഐ നിർദേശിക്കുന്നു. അടിയന്തര നിയമനടപടി ആരംഭിക്കുമെന്നോ ഗുരുതരമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നോ പറയുന്നത് പതിവുരീതിയായതിനാൽ ജാഗ്രതയോടെ പ്രതികരിക്കണമെന്നും എൻപിസിഐ മാർഗനിർദേശങ്ങളിൽ പറയുന്നു.
നിയമപരമായ പ്രശ്നങ്ങളെക്കുറിച്ച് അപ്രതീക്ഷിത കോളുകളോ സന്ദേശങ്ങളോ ലഭിക്കുകയാണെങ്കിൽ, സ്ഥിരീകരിച്ച ശേഷം ചിന്തിച്ചുമാത്രം പ്രവർത്തിക്കുക. ഇത്തരം സാഹചര്യങ്ങളിൽ 1930 അല്ലെങ്കിൽ ടെലികമ്യൂണിക്കേഷൻ വകുപ്പ് (https://sancharsaathi.gov.in/sfc/) ഡയൽ ചെയ്ത് സംശയാസ്പദമായ നമ്പറുകൾ ദേശീയ സൈബർ ക്രൈം ഹെല്പ് ലൈനില് റിപ്പോർട്ട് ചെയ്യുക.

