മഡ്ഗാവ്: വിദേശ കളിക്കാരെ ഇറക്കുമതി ചെയ്ത് ദേശീയ ടീമിന്റെ ശക്തി വര്‍ധിപ്പിക്കാനുള്ള നീക്കവുമായി ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്). രാജ്യത്തെ വിവിധ ക്ലബ്ബുകള്‍ക്കായി വിദേശ താരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും ഇറക്കുമതിയിലൂടെ ദേശീയ ടീമിനെ ശക്തിപ്പെടുത്തുന്നത് ഇതാദ്യമാണ്.
ഇന്ത്യന്‍ ഫുട്ബോളിന്റെ ബലഹീനതയുടെ നേര്‍ചിത്രമാണ് ഈ നീക്കമെന്നതില്‍ തര്‍ക്കമില്ല. അതേസമയം, ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച് വിദേശ താരങ്ങള്‍ ദേശീയ ടീമിലേക്കെത്താനുള്ള വാതായനം തുറക്കപ്പെടുകയാണെന്നതും മറ്റൊരു വശം.
എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശിന് എതിരായ മത്സരത്തിനുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ക്യാമ്പിലേക്ക് ഇതിനോടകം ഓസ്ട്രേലിയക്കാരന് വിംഗര്‍ റയാന് വില്യംസിനെയും നേപ്പാള്‍ സ്വദേശിയായ അബ്നീത് ഭാര്‍തിയെയും എഐഎഫ്എഫ് ക്ഷണിച്ചുകഴിഞ്ഞു. ഈ മാസം 18നാണ് ഇന്ത്യ x ബംഗ്ലാദേശ് മത്സരം.
റയാന് വില്യംസ്
ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാനുള്ള അവസാന കടമ്പയിലാണ് 32കാരനായ റയാന് വില്യംസ്. താരത്തിന് ഇന്ത്യന്‍ പാസ്പോര്‍ട്ട് ലഭിച്ചതായാണ് വിവരം. സുനില്‍ ഛേത്രിയാണ് റയാന് വില്യംസിന് ഇന്ത്യന്‍ പാസ്പോര്‍ട്ട് നല്‍കിയതെന്നും റിപ്പോര്‍ട്ടുണ്ട്.
ഓസ്ട്രേലിയന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ എന്‍ഒസി (നൊ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ്) ലഭിച്ചാല്‍ റയാന് വില്യംസ് ഈ മാസം ഇന്ത്യന്‍ ജഴ്സിയില്‍ മൈതാനത്തെത്തും. പെര്‍ത്തില്‍ ജനിച്ച റയാന് വില്യംസിന്, വരുംദിനങ്ങളില്‍ എന്‍ഒസി ലഭിച്ചേക്കുമെന്നാണ് സൂചന.
2019ല്‍ ദക്ഷിണകൊറിയയ്ക്ക് എതിരായ ഒരു സൗഹൃദ മത്സരത്തില്‍ മാത്രമേ റയാന് വില്യംസ് ഓസ്ട്രേലിയന്‍ ജഴ്സി അണിഞ്ഞിട്ടുള്ളൂ. അതേസമയം, സോക്കറൂസ് എന്നറിയപ്പെടുന്ന ഓസ്ട്രേലിയന്‍ ടീമിന്റെ അണ്ടര്‍ 19, അണ്ടര്‍ 20 മത്സരങ്ങളില്‍ ഇദ്ദേഹം കളിച്ചിട്ടുണ്ട്.
2023 മുതല്‍ റയാന് വില്യംസ് ഐഎസ്എല്‍ ക്ലബ്ബായ ബംഗളൂരു എഫ്സിക്കുവേണ്ടി കളിക്കുകയാണ്. ആറ് മാസം മുമ്പ് ഇന്ത്യന്‍ പാസ്പോര്‍ട്ടിനായി ശ്രമമാരംഭിച്ചിരുന്നു. റയാന് വില്യംസിന്റെ അമ്മയുടെ മുത്തച്ഛന് ലിങ്കണ് ഗ്രോസ്റ്റേറ്റ് 1950ല്‍ വെസ്റ്റേണ്‍ ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷനുവേണ്ടി കളിച്ചിട്ടുണ്ടെന്നതും ചരിത്രം.
റയാന്റെ ഇരട്ടസഹോദരനായ ആര്യന് 2017-19ല്‍ ഐ ലീഗ് ക്ലബ്ബായ നെറോക എഫ്സിക്കുവേണ്ടിയും പന്ത് തട്ടിയിട്ടുണ്ട്. മുംബൈയിലെ ആംഗ്ലോ-ഇന്ത്യന്‍ കുടുംബത്തിലാണ് റയാന് വില്യംസിന്റെ അമ്മയുടെ ജനനം. ഇന്ത്യന്‍ വേരുകളുള്ള ഓസീസ് താരമാണ് റയാന് വില്യംസ് എന്നു ചുരുക്കം.
ഫിഫ നിയമം അനുസരിച്ച്, റയാന് വില്യംസിന് ഇന്ത്യയെ പ്രതിനിധീകരിക്കാം. കാരണം, ഓസ്ട്രേലിയയ്ക്കായി രാജ്യാന്തര കോമ്പറ്റേറ്റീവ് മത്സരം അദ്ദേഹം കളിച്ചിട്ടില്ല.
അബ്നീത് ഭാര്‍തി
സെന്റര്‍ ബാക്കായ അബ്നീത് ഇന്ത്യക്കായും നേപ്പാളിനായും കളിക്കാന്‍ യോഗ്യനാണ്. നിലവില്‍ ബൊളീവിയന്‍ ക്ലബ്ബായ അക്കാഡെമിയ ഡെല്‍ ബൊളിവിയാനൊയ്ക്കുവേണ്ടിയാണ് 27കാരനായ അബ്നീത് കളിക്കുന്നത്.
ചെക് ക്ലബ്ബായ എഫ്കെ വാരന്സ്ഡോഫില്നിന്ന് ലോണ്‍ വ്യവസ്ഥയിലാണ് താരം ബൊളീവിയയിലെത്തിയതെന്നതും ശ്രദ്ധേയം. 2012ല്‍ തന്റെ 14-ാം വയസില്‍ സിംഗപ്പൂര്‍ ക്ലബ്ബായ ഗെയ്ലാങ് ഇന്റര്‍നാഷണലിന്റെ അക്കാദമിയില്‍ എത്തിയതു മുതല്‍ ലാറ്റിനമേരിക്കയിലാണ് അബ്നീതിന്റെ കാല്‍പ്പന്തുകളി. നിലവില്‍ ഇന്ത്യന്‍ ക്യാമ്പിലേക്ക് ട്രയലായാണ് അബ്നീതിനെ വിളിച്ചിരിക്കുന്നത്.
നിലവിലെ ഇന്ത്യന്‍ ക്യാമ്പില്‍ മോഹന്‍ ബഗാന് കളിക്കാരില്ല. സൂപ്പര്‍ സ്ട്രൈക്കര്‍ സുനില്‍ ഛേത്രിയെയും മുഖ്യപരിശീലകന്‍ ഖാലിദ് ജമീല്‍ ഒഴിവാക്കിയിട്ടുണ്ട്. ബഗാന് കളിക്കാരെ റിലീസ് ചെയ്യാന്‍ തയാറായാല്‍ ടീം ലിസ്റ്റില്‍ മാറ്റം വരും.

