കോട്ടയം: റബര്‍ താങ്ങുവില വര്‍ധന ഇലക്ഷന് മുതലെടുപ്പ് പ്രഖ്യാപനം മാത്രമെന്ന് കര്‍ഷകര്‍. ഒരു കിലോ റബറിന് 200 രൂപ മിനിമംവില പ്രഖ്യാപിച്ചെങ്കിലും രജിസ്ട്രേഷന് പുതുക്കല്‍ കാലാവധി നീട്ടിക്കിട്ടിയില്ലെങ്കില്‍ ഒരാള്‍ക്കും പ്രയോജനപ്പെടില്ല. വിലസ്ഥിരതാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആയിരുന്നു. ആ മാസങ്ങളില്‍ മിനിമം മാര്‍ക്കറ്റ് വില 180 രൂപയായിരുന്നതിനാല്‍ കര്‍ഷകരാരും രജിസ്റ്റര്‍ ചെയ്തില്ല. നിലവില്‍ മാര്‍ക്കറ്റില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന ശരാശരി വില 178-180 രൂപയാണ്.
മിനിമം വില 200 രൂപയാക്കിയിരിക്കെ ഓരോ കിലോ റബറിനും 20 രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടാകുക. ആ നിലയില്‍ മുന്‍പ് പദ്ധതിയിലുണ്ടായിരുന്നവരും കഴിഞ്ഞ വര്‍ഷം രജിസ്ട്രേഷന് പുതുക്കാന്‍ സാധിക്കാതെ വന്നവരുമായ നാലര ലക്ഷം ചെറുകിട കര്‍ഷകര്‍ക്കാണ് നഷ്ടം സംഭവിക്കുക. ഉത്പാദനം ഏറ്റവും മെച്ചപ്പെടുന്ന നാലു മാസങ്ങള്‍ വരാനിരിക്കെ ഇക്കൊല്ലം യാതൊരു സാമ്പത്തിക നേട്ടവും കര്‍ഷകര്‍ക്ക് ലഭിക്കില്ല.
തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പ് 200 രൂപ മിനിമം പ്രഖ്യാപനം നടപ്പാക്കുകയോ രജിസ്ട്രേഷന് കാലാവധി നീട്ടിക്കൊടുക്കുകയോ ചെയ്യാതെ വില ഉയര്ത്തല്കൊണ്ട് നേട്ടമുണ്ടാകില്ല.ഉത്പാദനച്ചെലവ് കണക്കാക്കിയാല്‍ റബറിന് 250 രൂപ ലഭിക്കേണ്ടതാണ്. തനിച്ചു ടാപ്പിംഗ് നടത്തുന്ന കര്‍ഷകര്‍ക്കു മാത്രമാണ് ഒരു വിധം മുന്നോട്ടുപോകാനാകുന്നത്.
ടാപ്പിംഗ് തൊഴിലാളികളെ നിയോഗിച്ചാല്‍ ടാപ്പിംഗ് കൂലി കൊടുക്കാനുള്ള വരുമാനം ഏറെ തോട്ടങ്ങളിലുമില്ല. താങ്ങുവിലയ്ക്ക് ഒപ്പം രജിസ്ട്രേഷന് നടത്താനുള്ള തീയതികൂടി നീട്ടിനല്‍കണമെന്ന് റബര്‍ ഉത്പാദക സംഘങ്ങള്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.

