തിരുവനന്തപുരം: ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കി റെയില്‍വെ പോലീസും ആര്‍പിഎഫും. മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടികൂടാന്‍ കേരള റെയില്‍വെ പോലീസും ആര്‍പിഎഫും സംയുക്തമായി ആരംഭിച്ച പരിശോധന ഓപ്പറേഷന് രക്ഷിതക്ക് തുടക്കം കുറിച്ചു.
ഇന്നലെ സംസ്ഥാനത്തെ വിവിധ റെയില്‍വെ സ്റ്റേഷനുകളിലും ട്രെയിനുകളിലും നടത്തിയ പരിശോധനയില്‍ 200 ല്‍പരം ആളുകളെ പിടികുടി. 120 ല്‍പരം കേസുകളും രജിസ്റ്റര്‍ ചെയ്തു. മദ്യപിച്ച് ട്രെയിനില്‍ കയറാന്‍ എത്തിയവരും ട്രെയിനുകളിലെ സ്ഥിരം കുറ്റവാളികളും പിടിയിലായവരില്‍പ്പെടുന്നു.
ലേഡീസ് കംപാര്ട്ട്മെന്റിനകത്ത് നിന്നും ഫുട്ബോര്ഡിലിരുന്നും യാത്ര ചെയ്തവരെയും സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ രീതിയനുസരിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും താക്കീതും പിഴയും ചുമത്തിയാണ് പലരെയും വിട്ടയച്ചത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് പോലീസും ആര്‍പിഎഫും തീരുമാനിച്ചിരിക്കുന്നത്.
റെയില്‍വെ എസ്പി. ഷഹന്‍ഷ, ആര്‍പിഎഫ് ഡിവിഷന് സെക്യൂരിറ്റി കമ്മീഷണര്‍ മുഹമ്മദ് ഹനീഫ്, ഡിവൈഎസ്പിമാരായ ജോര്‍ജ് ജോസഫ്, വിനോദ്, ശശിധരന്, ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് സംസ്ഥാനത്തെ മുഴുവന്‍ റെയില്‍വെ സ്റ്റേഷനുകളിലും പ്രധാനപ്പെട്ട ട്രെയിനുകളിലും പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്.
മജിസ്ട്രേറ്റ് ഇല്ല
റെയില്‍വെ കോടതിയില്‍ മജിസ്ട്രേട്ട് ഇല്ലാത്തത് ആര്‍പിഎഫിന്റെ കേസുകളെ ബാധിക്കുന്നു. കൊല്ലത്തെ റെയില്‍വെ കോടതിയിലാണ് കഴിഞ്ഞ ഒന്നരവര്ഷക്കാലത്തിലേറെയായി മജിസ്ട്രേ്റ് ചുമതലയില്ലാത്തത്. മുന്‍ മജിസ്ട്രേറ്റ് റിട്ടയര്‍ ചെയ്ത് പോയശേഷം പുതിയ മജിസ്ട്രേറ്റിന്റെ നിയമനം നടക്കാത്തത് ആര്‍പിഎഫ് കേസുകള്‍ മുന്നോട്ട് പോകാന്‍ കാലതാമസത്തിനിടയാക്കിയിട്ടുണ്ട്.

