ഇതാണ് ശരിക്കും വോട്ട്ഫാമിലി… കുടുംബത്തിലെ ഒരോരുത്തരുടെയും പേരവസാനിക്കുന്നത് ‘വോട്ടി’ലാണ്. വോട്ടര്‍പട്ടികയിലുള്ള പേരിനെക്കുറിച്ചല്ല പറയുന്നത്. കോഴിക്കോട്ടെ റോബിന്‍സണ്‍ റോഡിലെ ബ്രിട്ടീഷ് ആര്‍മിയിലെ ക്യാപ്റ്റന്‍ ആയിരുന്ന ജര്മന്കാരന് ആല്‍ബര്‍ട്ട് ബര്‍ത്തലോമിയോ വോട്ടില്‍നിന്ന് ആരംഭിക്കുന്നു ഈ ‘വോട്ടു’ വിശേഷം. ആല്‍ബര്‍ട്ട് പേരിനോടു കൂടെ ‘വോട്ട്’ എന്ന സ്ഥാനപ്പേര് ചേര്‍ക്കുകയായിരുന്നു. പിന്നീട് കുടുംബാംഗങ്ങളുടെ പേരിന്റെ അവസാനത്തിലെല്ലാം ആ വോട്ട് വന്നു. ക്യാപ്റ്റന്‍ ആല്ബര്ട്ടിനുശേഷം നാലു തലമുറ കഴിഞ്ഞു. എന്നാല്‍ ഇപ്പോഴും കുടുംബം വോട്ട് എന്ന സ്ഥാനപ്പേര് ഉപേക്ഷിച്ചിട്ടില്ല.
ക്യാപ്റ്റന്‍ ആല്‍ബര്‍ട്ട് ബര്‍ത്തലോമിയോയുടെ മകന്റെ പേര് ബെസ്റ്റിന് ബോബി വോട്ട്, ബെസ്റ്റിന്റെ മകന് ആര്‍ബര്‍ട്ട് വോട്ട്, ആര്‍ബര്‍ട്ടിന്റെ അമ്മ അല്‍ഫോന്‍സ വോട്ട്. പ്രവാസിയാണ് അല്‍ബര്‍ട്ട് വോട്ട്. ഭാര്യ ജൂലി വോട്ട് സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹൈസ്കൂളിലെ പ്രൈമറി വിഭാഗം ഇംഗ്ലീഷ് അധ്യാപികയാണ്. മക്കളായ അലിസ്റ്റ ഇഗ്നേഷ്യസ് വോട്ട്, അലീഷ മേരി വോട്ട് എന്നിവരും ഇവിടെയാണ് താമസം.
vogts എന്നാണ് ഇംഗ്ലീഷില്‍ എഴുതുന്നത്. വോട്ട് എന്നാണ് ഉച്ചാരണം. വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ പേര് വിളിക്കുന്ന സന്ദര്‍ഭത്തില്‍ എല്ലാവരും കൗതുകത്തോടെ തങ്ങളെ നോക്കാറുണ്ടെന്ന് ഇവര്‍ പറയുന്നു. വോട്ടുതേടി എത്തുന്ന സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഈ വോട്ടുകുടുംബം കൗതുകം പകരുകയാണ്.
ഇ. അനിഷ്

