പാനൂര്‍: എന്‍സിസി ക്യാമ്പിനിടയില്‍ വെടിയേറ്റ് മരിച്ച അനസിന്റെ ഓര്‍മയ്ക്കായി എന്‍എഎം കോളജില്‍ കെട്ടിടം പണിയുന്നു. കൂത്തുപറമ്പ് നിര്‍മലഗിരി കോളജില്‍ നടന്ന ഫയറിംഗ് പരിശീലനത്തിനിടെയാണ് അനസിന് വെടിയേറ്റത്. അനസിന്റെ ഓര്മ എന്നെന്നും നിലനിര്‍ത്താന്‍ വേണ്ടിയാണ് കാഡറ്റ് അനസ് മെമ്മോറിയല്‍ സ്റ്റുഡന്റ് ഫെസിലിറ്റി സെന്റര്‍ കെട്ടിടം പണിയുന്നത് 2000 ചതുരശ്ര അടിയുള്ള കെട്ടിടത്തില്‍ എന്‍സിസി, എന്‍എസ്എസ്, പാലിയേറ്റീവ് ഓഫീസ്, നെറ്റ്വര്‍ക്ക് സെന്റര്‍, സ്റ്റോര്‍ എന്നിവ പ്രവര്‍ത്തിക്കും.
അധ്യാപക അനധ്യാപകര്‍, പിടിഎ, വിദ്യാര്‍ഥികള്‍ എന്നിവരുടെ സഹകരണത്താലാണ് കെട്ടിടം പണിയുക. 25 ലക്ഷം രൂപയാണ് ഇതിനായി മുടക്കുക. അനസിന്റെ രണ്ടാം അനുസ്മരണ പരിപാടിയുടെ ഭാഗമായി കോളജില്‍ നടന്ന ശിലാസ്ഥാപനകര്‍മം കോളജ് ചെയര്മാന് പി.എ റഹ്മാന് നിര്‍വഹിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. മാനേജര്‍ കെ.കെ. മുഹമ്മദ്, പി.പി.എ. ഹമീദ്, അടിയോട്ടില്‍ അഹമ്മദ്, സമീര്‍ പറമ്പത്ത്, ടി. അബൂബക്കര്‍, എന്‍.എ. കരിം, ആര്. അബ്ദുള്ള, എ.പി. ഇസ്മായില്‍, റിയാസ് നൊച്ചോളി, പട്ടാടത്തില്‍ ഇസ്മായില്‍, എന്‍സിസി ഓഫീസര്‍ ലഫ്. എ.പി. ഷമീര്‍, ഡോ. എം.കെ. മധുസൂദനന് തുടങ്ങിയവര്‍ പ്രസംഗിച്ചു.