കോട്ടയം: വനിതാ ബോഡി ബില്‍ഡിംഗില്‍ മിന്നുംപ്രകടനത്തിലൂടെ ശ്രദ്ധ നേടുകയാണ് കോട്ടയം സെന്റ് ആന്‍സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ അന്ന സെബാസ്റ്റ്യന്‍. ബോഡി ബില്‍ഡിംഗ് പരിശീലനം തുടങ്ങി ആറാം മാസത്തില്‍ത്തന്നെ മിസ് കോട്ടയം പട്ടം സ്വന്തമാക്കിയാണ് അന്ന ബോഡി ബില്‍ഡിംഗ് രംഗത്ത് തന്റെ വരവ് അറിയിച്ചിരിക്കുന്നത്.
കേരള സ്പോര്‍ട്സ് കൗണ്‍സിലും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും നടത്തിയ 2025-26 ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഓപ്പണ്‍ കാറ്റഗറിയില്‍ ഒന്നാം സ്ഥാനവും മിസ് കോട്ടയം ടൈറ്റിലും സ്വന്തമാക്കിയിരിക്കുകയാണ് അന്ന. ഫെബ്രുവരിയില്‍ നടക്കുന്ന സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യതയും നേടി.
ആറു മാസങ്ങള്‍ക്കു മുമ്പാണ് അന്ന ബോഡി ബില്‍ഡിംഗ് രംഗത്തേക്കു വന്നത്. സഹോദരനായ സച്ചിന് പരിശീലനം നടത്തുന്ന കോട്ടയം മണിപ്പുഴയിലെ ഫോര്‍ച്യൂണ്‍ ജിംനേഷ്യത്തില്‍ അങ്ങനെ ചേര്‍ന്നു. മൂന്നു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ത്തന്നെ ബോഡി ബില്‍ഡിംഗില്‍ അന്നയ്ക്കു മികച്ച സാധ്യതകളുണ്ടെന്ന് പരിശീലകരായ വിജീഷ്, റോബിന് എന്നിവര്‍ വിലയിരുത്തി.
തുടര്‍ന്നു ജില്ലാതല മത്സരം ലക്ഷ്യമിട്ട് ഇവരുടെ കീഴില്‍ പരിശീലനം തുടരുകയായിരുന്നു. മൂന്നു മാസമായി കര്‍ശനമായ ഡയറ്റ് പിന്തുടര്ന്നും തീവ്രപരിശീലനം നടത്തിയുമാണ് ജില്ലാ മത്സരത്തിനായി ഒരുങ്ങിയത്.പ്രോട്ടീന്‍ അടങ്ങിയ ഭക്ഷ്യവിഭവങ്ങള്‍ കൂടുതലായി തെരഞ്ഞെടുത്തു. ദിവസം എട്ട് മുട്ടകള്‍വരെ കഴിച്ചു, ധാരാളം പച്ചക്കറികളും. സഹോദരന് സച്ചിനും ജില്ലാതല മത്സരത്തിന് ഇറങ്ങിയിരുന്നു.
ബോഡി ബില്‍ഡിംഗ് രംഗത്തുതന്നെ പരിശീലനം തുടരാനും ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഈ പ്ലസ് വണ്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയുടെ തീരുമാനം. കോട്ടയം പൂവന്തുരുത്ത് മംഗ്ലാവില്‍ സന്തോഷ്-അനു ദന്പതികളുടെ മകളാണ് അന്ന.
