ന്യൂഡല്‍ഹി: ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ ഗ്രോക്ക് എഐ ചാറ്റ്ബോട്ട് അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് എക്സ് സമര്‍പ്പിച്ച മറുപടി തൃപ്തികരമല്ലെന്ന് കേന്ദ്ര സര്‍ക്കാർ.
കേന്ദ്രത്തിന്റെ നോട്ടീസിനോട് വിശദമായ മറുപടിയാണ് മസ്ക് നല്‍കിയതെങ്കിലും പ്രധാന വിവരങ്ങള്‍ ഒഴിവാക്കിയതായാണ് വിമര്‍ശനം. ഗ്രോക്ക് എഐ വഴി സൃഷ്ടിക്കുന്ന അശ്ലീല ഉള്ളടക്കങ്ങള്‍ ഉടന്‍ നീക്കം ചെയ്യാനും 72 മണിക്കൂറിനുള്ളില്‍ വിശദമായ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് നല്‍കാനുമാണ് കേന്ദ്ര ഇലക്ട്രോണിക്സ് ഐടി മന്ത്രാലയം ഗ്രോക്കിനോട് ആവശ്യപ്പെട്ടത്.
ഗ്രോക്ക് എഐ ദുരുപയോഗം ചെയ്ത് സ്ത്രീകളുടെ ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി അശ്ലീല ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കുന്നതായി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു നടപടി. ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുമെന്ന് ചൂണ്ടിക്കാട്ടി ബുധനാഴ്ച വൈകിട്ട് അഞ്ചിനകം എക്സ് ദീര്‍ഘമായ മറുപടി സമര്‍പ്പിച്ചു. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പോസ്റ്റുകളും അശ്ലീല ചിത്രങ്ങളും നീക്കം ചെയ്യുന്നതിനുള്ള നയങ്ങളും വിശദീകരിച്ചു.
