തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവ വേദികള്‍ക്ക് പേര് നൽകിയതിൽ ദേശീയ പുഷ്പമായ താമരയെ ഒഴിവാക്കിയതിനെ വിമർശിച്ച് ബിജെപി. ദേശിയ പുഷ്പമായ താമരയെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയമെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന് ജേക്കബ് ആരോപിച്ചു.
വേദിക്ക് പേരിടുന്നതിനായി 25 പൂക്കളുടെ പട്ടിക തയാറാക്കിയിട്ടും അതില്‍ താമര ഉള്‍പ്പെടുത്താത്തത് ‘വിവാദം ഭയന്നാണെന്ന’ സംഘാടക സമിതിയുടെ വിശദീകരണം സാംസ്കാരിക കേരളത്തിന് ഒട്ടും ചേര്‍ന്നതല്ലെന്ന് ജസ്റ്റിന് ജേക്കബ് ആരോപിച്ചു.
കലയും സംസ്കാരവും ആഘോഷിക്കുന്ന വേദികളില്‍ പോലും ഇത്തരം രാഷ്ട്രീയ വിദ്വേഷം കലര്‍ത്തുന്നത് വരുംതലമുറയ്ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമാണ്. സാംസ്കാരിക ബോധവും വിവേചനശക്തിയും വേണ്ട അധികാരികള്‍ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് അത്യന്തം അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
‘വിദ്യാരംഗം’ മാസികയുടെ ലോഗോയില്‍ നിന്ന് താമര നീക്കം ചെയ്തത് മുതല്‍ ആരംഭിച്ച നീക്കങ്ങള്‍ എതിര്‍ക്കപ്പെടുക തന്നെ ചെയ്യും. ഇത്തരം നീക്കങ്ങളില്‍ നിന്ന് അധികൃതര്‍ പിന്തിരിയണം. ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് ജസ്റ്റിന് കൂട്ടിച്ചേർത്തു.
