ആലപ്പുഴ: സ്വപ്ന സാഫല്യത്തിന്റെ സന്തോഷത്തിലും ആഗ്രഹം സ്വയം സഫലീകരിച്ചതിലുള്ള അഭിമാനത്തിലുമാണ് കുട്ടിക്കർഷകരായ സഹോദരിമാർ.ആലപ്പുഴ നഗരസഭ വട്ടയാൽ വാർഡ് പുത്തൻവീട് പുരയിടത്തിൽ, ഫരീദ മൻസിലിൽ കുട്ടിക്കർഷകരായ ഫരീദ ഫിറോസും ഫാദിയ ഫിറോസുമാണ് വീടിന്റെ മട്ടുപ്പാവിൽനിന്നു കണ്ട വിമാന യാത്ര എന്ന സ്വപ്നം സ്വയം സാക്ഷാത്കരിച്ചത്.
വിഷരഹിത പച്ചക്കറി ഉത്പാദനം ലക്ഷ്യം വച്ചും ചെറുപ്പത്തിലെ ജൈവകൃഷിക്ക് പ്രചാരം നൽകുന്നതിന്റെ ഭാഗമായും കഴിഞ്ഞ അഞ്ചു ഘട്ടങ്ങളിലായി വീടിന്റെ മട്ടുപ്പാവിൽ ജൈവകൃഷി ചെയ്തു വരികയാണിവർ. ഇതിൽ ഇവർക്കു ലഭിച്ച പുരസ്കാരങ്ങളിലെ കാഷ് പ്രൈസ് കൂട്ടിവച്ചാണ് ഈ കൊച്ചുമിടുക്കർ വിമാന ടിക്കെറ്റെടുത്ത് കുടുംബസമേതം യാത്രതിരിക്കാൻ ഒരുങ്ങുന്നത്.
കുട്ടികളുടെ ഈ യാത്രാ ആഗ്രഹം മനസിലാക്കിയ ആലപ്പുഴ സ്വദേശിയായ ഒരു അഭ്യുദയാകാംക്ഷിയുടെ സഹായവും കുട്ടികളുടെ സ്വപ്നം യാഥാർഥ്യമാക്കാൻ സഹായിച്ചതായും കുട്ടിക്കർഷകർപറഞ്ഞു. ഈ മാസം 29ന് രാവിലെ കൊച്ചിയിൽനിന്നും മുംബൈയിലേക്കാണ് കുട്ടിക്കർഷകരും കുടുംബവും യാത്ര തിരിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് മടക്കം.
ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് എച്ച്എസിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് ഫരീദ ഫിറോസ്. സെന്റ് ജോസഫ്സ് എൽപിഎസിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് ഫാദിയ ഫിറോസ്.
പരിസ്ഥിതി പ്രവർത്തകനും വനമിത്ര പുരസ്കാര ജേതാവുമായ ഫിറോസ് അഹമ്മദും നാസിലയുമാണ് മാതാപിതാക്കൾ. ലിയോ തേർട്ടീന്ത് എൽപിഎസിലെ എൽകെജി വിദ്യാർഥിയായ ഫാദിൽ മുഹമ്മദ് ഫിറോസാണ് അനുജൻ.
