ചെങ്ങന്നൂർ: മുളക്കുഴയിലെ പെട്രോൾ പമ്പ് ഉടമയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങി ഒളിവിൽ പോയ ഒന്നാം പ്രതി നാലു വർഷത്തിനുശേഷം പോലീസ് പിടിയിലായി. ആലാ പെണ്ണുക്കര വടക്കുംമുറി മഠത്തിലേത്ത് വീട്ടിൽ ‘ബോഞ്ചോ’ എന്നുവിളിക്കുന്ന അനൂപ് കുമാറിനെയാണ് (36) ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
2016 ഫെബ്രുവരി 18നായിരുന്നു കേസിനാസ്പദമായ സംഭവം. മുളക്കുഴ കാണിക്കമണ്ഡപം ജംഗ്ഷനു സമീപമുള്ള രേണു ഓട്ടോ ഫ്യുവൽസ് പമ്പിൽ ഇന്ധനം അടിക്കാനെത്തിയ പ്രതികളായ മനോജും അനൂപും ജീവനക്കാരുമായി വാക്കേറ്റത്തിലേർപ്പെട്ടു. ഇത് തടയാനെത്തിയ പമ്പ് ഉടമ മുരളീധരൻ നായരെ ഭീഷണിപ്പെടുത്തി ഇവർ മടങ്ങിപ്പോയി.
അന്ന് വൈകിട്ട് ഏഴരയോടെ മുരളീധരൻ നായർ ബന്ധുവായ ശശികുമാറിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോകവെ, രണ്ടാം പ്രതി രാജീവ് ഇവരെ തടഞ്ഞുനിർത്തി. തുടർന്ന് പിന്നാലെയെത്തിയ മനോജും അനൂപും ചേർന്ന് കമ്പിവടികൊണ്ട് മുരളീധരൻ നായരെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
കേസിൽ അനൂപ് കുമാർ, രാജീവ്, മനോജ് എന്നിവർക്ക് മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവും 35,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചിരുന്നു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്ന അനൂപ്. 2022 മേയ് ആറിന് 14 ദിവസത്തെ പരോളിലിറങ്ങി ഒളിവിൽ പോയി. മറ്റ് പ്രതികളായ രാജീവ് നിലവിൽ നെട്ടുകാൽത്തേരി തുറന്ന ജയിലിലും മനോജ് പൂജപ്പുര സെൻട്രൽ ജയിലിലുമാണ്.
പ്രതിക്കായി 2023 മുതൽ പ്രത്യേക സംഘം അന്വേഷണം നടത്തിവരികയായിരുന്നു. ഇയാൾ വ്യാജ പാസ്പോർട്ടിൽ വിദേശത്തേക്ക് കടന്നതായി കിംവദന്തികൾ ഉണ്ടായിരുന്നെങ്കിലും പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ഇത് തെറ്റാണെന്ന് കണ്ടെത്തി. തുടർന്ന് ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മുംബൈ എന്നിവിടങ്ങളിൽ പ്രതി വ്യാജപേരുകളിൽ ഒളിവിൽ കഴിഞ്ഞിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. പോലീസ് പിൻതുടരുന്നുണ്ടെന്ന് വിശ്വസ്ത സുഹൃത്തുക്കളിൽനിന്നു മനസിലാക്കി.
മൊബൈൽ ഫോണുകൾ ഉപേക്ഷിച്ച്, ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ യാതൊരു ബന്ധവും പുലർത്താതെയായിരുന്നു അനൂപിന്റെ ഒളിവുജീവിതം. ബംഗളൂരുവിൽ എത്തിയ പ്രതി ഒരു ഹോട്ടലിൽ ജോലി ചെയ്യവേ പന്തളം സ്വദേശിനിയായ നഴ്സുമായി പ്രണയത്തിലായി. കഴിഞ്ഞ രണ്ടുമാസമായി ബംഗളൂരു കൊഡിഗെഹള്ളിയിൽ ഒരു ടിഷ്യൂ പേപ്പർ നിർമാണ കമ്പിയിലായിരുന്നു ഇയാൾക്ക് ജോലി.
ഇതറിഞ്ഞ് പ്രതിക്കായി ബംഗളൂരുവിലേക്ക് അന്വേഷണ സംഘം തിരിച്ചെങ്കിലും പ്രതി തന്റെ പെൺസുഹൃത്തിനെ കാണാൻ നാട്ടിലെത്തിയതായി വിവരം ലഭിച്ചു. യുവതിയുടെ ആൾത്താമസമില്ലാത്ത തറവാട് വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന അനൂപിനെ ഇന്നലെ പുലർച്ചെ വീട് വളഞ്ഞ് പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ നായരുടെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. സിഐ എ.സി. വിപിൻ, എഎസ് ഐ സിനു വർഗീസ്, സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്, അരുൺ ഭാസ്കർ, ജിജോ സാം, കണ്ണൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതിയെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ഹാജരാക്കി.
