തൊടുപുഴ: കലൂര്‍ ഐപ്പ് മെമ്മോറിയല്‍ ഹൈസ്കൂള്‍ 1961-62 എസ്എസ്എല്‍സി ബാച്ച് പൂര്‍വവിദ്യാര്‍ഥി സംഗമം അവിസ്മരണീയമായി. ആറര പതിറ്റാണ്ടിന്റെ സൗഹൃദ സ്മരണകള്‍ പങ്കുവച്ചും ജീവിതവഴിയിലെ വ്യത്യസ്ത അനുഭവങ്ങള്‍ അയവിറക്കിയും വിവിധ നാടുകളിലുള്ളവര്‍ സംഗമത്തിനെത്തിയപ്പോള്‍ ഇതു വേറിട്ട അനുഭവമായി മാറി.
വര്‍ഷങ്ങള്‍ക്കു ശേഷം നേരില്‍ക്കണ്ടപ്പോള്‍ സന്തോഷാധിക്യത്താല്‍ പലരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. 80-നും 90നും മധ്യേ പ്രായമുള്ള 19 പേരാണ് കൂട്ടായ്മയില്‍ പങ്കെടുത്തത്. നാളുകളായുള്ള പരിശ്രമത്തിന്റെ ഫലമായാണ് ബാച്ചിലെ അംഗങ്ങളെ കണ്ടെത്തുന്നതിനും കൂട്ടായ്മ സംഘടിപ്പിക്കുന്നതിനും സാധിച്ചതെന്നു നേതൃത്വം നല്കിയവര് പറഞ്ഞു.
യോഗത്തില്‍ ബാച്ചംഗമായ ഫാ. പി.എം. ജോസഫ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് ജോസഫ് സക്കറിയ മുഖ്യ പ്രഭാഷണവും മെമന്റോ വിതരണവും നടത്തി.എം.കെ. ജോസ്, ജോണ്‍ എസ്. ചുണ്ടാട്ട്, കെ.ജെ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് അംഗങ്ങള്‍ തങ്ങളുടെ പഠനകാല ഓര്‍മകള്‍ പങ്കുവച്ച് എല്ലാവര്‍ഷവും വീണ്ടും ഒരുമിച്ച് കൂടാനുള്ള ആഗ്രഹവുമായാണ് മടങ്ങിയത്.
