മലപ്പുറം: പെരുമ്പടപ്പില്‍ ബൈക്കിന്റെ ടാങ്ക് കവറിനുള്ളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേരെ പെരുമ്പടപ്പ് പോലീസ് പിടികൂടി. പെരുമ്പടപ്പ് എന്‍.കെ റോഡ് മാക്കാലിക്കല്‍ വീട്ടില്‍ നജീബ് (38), കിഴക്കുമുറി പെരുമ്പുംകാട്ടില്‍ വീട്ടില്‍ ഷഹീദ് (38) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച പുലര്‍ച്ചെ പെരുമ്പടപ്പ് പാറ ജംഗ്ഷനു സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ വലയിലായത്. പുലര്‍ച്ചെ 12.20ന് എരമംഗലം ഭാഗത്തുനിന്ന് മോട്ടോര്‍ സൈക്കിളില്‍ എത്തിയ പ്രതികള്‍ പോലീസിനെ കണ്ടതോടെ പരിഭ്രമിച്ചു. ഇവർ വാഹനം തിരിച്ചുവിടാന്‍ ശ്രമിച്ചു.
സംശയം തോന്നിയ പോലീസ് ഇവരെ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. 924 ഗ്രാം കഞ്ചാവാണ് ബൈക്കിന്റെ ടാങ്ക് കവറിനുള്ളിൽ നിന്നും പരിശോധനയിൽ കണ്ടെത്തിയത്. പെരുമ്പടപ്പ് എസ്എച്ച്ഒ സി.വി. ബിജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
സബ് ഇന്‍സ്പെക്ടര്‍ പി. ബസന്ത്, എഎസ്ഐ ഉഷ, സിപിഒമാരായ ശ്രീകുമാര്‍, വിഷ്ണു തമ്പാന്, ഗണേഷ്, മുകേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.
