ഒരാഴ്ച്ച മുമ്പായിരുന്നു രാജ്യത്തെ ഞെട്ടിച്ച ആ സംഭവം. നോട്ട് നിരോധനത്തില്‍ ജനം നട്ടംതിരിയുന്നതിനിടെ ഡ്രൈവര്‍ ആ കൊടുംചതി ചെയ്തത്. എടിഎമ്മില്‍ നിറയ്ക്കാനുള്ള 79 ലക്ഷം രൂപയുമായി അയാള്‍ കടന്നുകളഞ്ഞത്. ബംഗളൂരുവില്‍ നിന്നായിരുന്നു ഇയാളെ കാണാതായത്. ലിംഗപുരം സ്വദേശിയായ ഡൊമിനിക് റോയിയായിരുന്നു ഡ്രൈവര്‍. ഒരാഴ്ച്ച പിന്നിട്ടപ്പോള്‍ ഇയാളുടെ ഭാര്യ എല്വിന് മേരി കീഴടങ്ങി. ബാനസവാടി പോലീസ് സ്റ്റേഷനിലായിരുന്നു ഇവര്‍ കീഴടങ്ങിയത്. 13 ലക്ഷം രൂപ ഒഴികെ ബാക്കി തുക കണ്ടെടുക്കുകയും ചെയ്തു. ഇനി ഇവര്‍ കീഴടങ്ങാനുണ്ടായ സാഹചര്യങ്ങളിലേക്ക് ഒന്നു പോയാലോ…
വസന്ത്നഗര്‍ മൗണ്ട് കാര്‍മല്‍ കോളജിനു സമീപം വച്ചായിരുന്നു ഡൊമിനിക് പണവുമായി മുങ്ങിയത്. കിട്ടുന്ന തുക കൊണ്ട് സുഭിഷമായി ജീവിക്കുകയായിരുന്നു ലക്ഷ്യം. സംഭവം ആദ്യഘട്ടം സക്സസ്ഫുള്‍. കവര്‍ച്ചയ്ക്കുശേഷം ഡൊമിനിക്കും എല്വിനും മകനും ബന്ധുവീട്ടുകളിലേക്ക് പോയി. വൈകുന്നേരത്തോടെ ചാനലുകളില്‍ വാര്‍ത്തയും ചിത്രവും വന്നതോടെ ബന്ധുക്കളുടെ നിറംമാറി. ഡൊമിനിക്കിനെയും കുടുംബത്തെയും കൂടെനിര്‍ത്തിയാല്‍ പണിപാളുമെന്ന്് മനസിലായ ബന്ധുക്കള്‍ ഇവരെ പറഞ്ഞയച്ചു. ആന്ധ്രയിലെയും തമിഴ്നാട്ടിലെയും ബന്ധുക്കളുടെ വീട്ടിലേക്ക് പോയെങ്കിലും അവരും സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. അതോടെ ഇവര്‍ കേരളത്തിലേക്ക് ട്രെയിന്‍ കയറി.
നേരെ വന്നിറങ്ങിയത് പൂരങ്ങളുടെ നാടായ തൃശൂരില്‍. ആരും അറിയാതെ മൂടിപുതച്ച് ആദ്യ ദിവസം തങ്ങിയെങ്കിലും ജീവിതം തീര്‍ത്തും ദുസഹമായി. സമ്മര്‍ദം താങ്ങാനാകാതെ വന്നതോടെ എല്വിന് തൊട്ടടുത്തുള്ള പള്ളിയില്‍ കയറി പ്രാര്‍ഥിച്ചു. പള്ളിയിലിരിക്കുന്ന സമയത്ത് മാനസാന്തരം വന്ന ഇവരാണ് കീഴടങ്ങാമെന്ന കാര്യം ഭര്‍ത്താവിനോട് പറഞ്ഞത്. എന്നാല്‍ ഡൊമിനിക്ക് ഇതിനോട് യോജിച്ചില്ല. ഭാര്യയുടെ നിര്‍ബന്ധം സഹിക്കവയ്യാതെ ഡൊമിനിക് എല്‍വിനെയും മകനെയും തൃശൂരിലാക്കി തമിഴ്നാട്ടിലേക്ക് പോയി. എല്വിന് ബംഗളുരുവിലെത്തി പോലീസില്‍ കീഴടങ്ങുകയും ചെയ്തു. കവര്‍ച്ച ചെയ്യപ്പെട്ട 1.37 കോടി രൂപയില്‍ 79 ലക്ഷവും തിരിച്ചുകിട്ടിയിട്ടുണ്ട്.