തലശേരി: 70-ാമത് കേരള സംസ്ഥാന സീനിയർ പുരുഷ-വനിതാ വിഭാഗം ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്നവംബർ മൂന്നു മുതൽ എട്ടുവരെ തലശേരിയിൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും.
കേരള ബാസ്കറ്റ്ബോൾ അസോസിയേഷനും കണ്ണൂർ ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷനും സംയുക്തമായാണ് കായികമേള സംഘടിപ്പിക്കുന്നത്. 14 ജില്ലകളിൽ നിന്നുമുള്ള പ്രമുഖ പുരുഷ-വനിതാ ടീമുകൾ പങ്കെടുക്കും. 30-ന് ഉച്ചകഴിഞ്ഞ് 3.30 ന് സ്റ്റേഡിയത്തിൽനിന്ന് വിളംബര ജാഥ സംഘടിപ്പിക്കും.
കാരായി രാജൻ എംഎൽഎഫ്ലാഗ് ഓഫ് ചെയ്യും. ജാഥയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്കൂളിന് സംഘാടക സമിതി 10,000 രൂപ കാഷ് പ്രൈസ് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചാന്പ്യൻഷിപ്പിന് സ്വാഗതമേകിയും ലഹരിമുക്ത സമൂഹമെന്ന സന്ദേശമുയർത്തി നടത്തുന്ന “ഷൂട്ട് ഹൂപ്സ്, നോട്ട് ഡ്രഗ്സ്’കാന്പയിന്റെ ഭാഗമായും സ്റ്റേഡിയം ഗാലറി ചുവരുകളിൽ ഒരുക്കിയ ചുവർചിത്രം നാടിന് സമർപ്പിച്ചു.
തലശേരി ആർട്ട് കമ്യൂണിറ്റിയിലെ പ്രാദേശിക കലാകാരന്മാരുടെ കൂട്ടായ്മയാണ് കൂറ്റൻ ചുവർചിത്രം പൂർത്തിയാക്കിയത്.
